തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശം ഒരിക്കല്‍കൂടി തിരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള യു.ഡി.എഫ് തീരുമാനത്തെ അവഗണിച്ച് മുന്നോട്ട് പോകാനൊരുങ്ങി സിപിഎം. അത്തരം കാര്യങ്ങളോട് പ്രതികരിച്ച് വിഷയം ചര്‍ച്ചയാക്കേണ്ടതില്ലെന്നും അവഗണിക്കാനുമാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഎം സെക്രട്ടറിയേറ്റിന്റേതാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം. കോടതിപരിഗണനയിലുള്ള വിഷയമായതിനാല്‍ അതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് നേതാക്കള്‍ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സ്വീകരിച്ചത്.
ശബരിമലവിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
ഒരാഴ്ചമുമ്പുതന്നെ ശബരിമല വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം യു.ഡി.എഫ്. തുടങ്ങിയിരുന്നു. ശബരിമലക്കാര്യത്തില്‍ വിശ്വാസവും ആചാരവും സംരക്ഷിക്കുംവിധം സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അടുത്തപടിയായാണ് യു.ഡി.എഫ്. പ്രചാരണജാഥ ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ചാണ്ടി ശബരിമലയിലേക്ക് വീണ്ടും 'കെട്ടുമുറുക്കിയത്'.
ഇടതുപക്ഷത്തേയും ബി.ജെ.പി.യേയും ഒരുമിച്ച് പ്രതിരോധത്തിലാക്കാന്‍ പറ്റിയ വിഷയമായാണ് യു.ഡി.എഫ്. ശബരിമല പ്രശ്‌നത്തെ കാണുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതിവിധി മറികടക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തിയില്ലെന്ന് യു.ഡി.എഫ്. ഓര്‍മിപ്പിക്കുന്നു.
മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ ആചാരസംരക്ഷണം ചൂണ്ടിക്കാട്ടി നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് പുതിയത് നല്‍കിയതിലൂടെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സുപ്രീംകോടതിവിധി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടുന്നു. വിശ്വാസികള്‍ക്ക് അനുകൂല നിലപാട് എടുത്ത ദേവസ്വം ബോര്‍ഡിനെക്കൊണ്ടും നിലപാട് തിരുത്തിച്ചുവെന്നും യുഡിഎഫ് മുന്നോട്ടുവെക്കുന്നു.