കൊല്ലം: തിങ്കളാഴ്ച എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ആര്‍.എസ്.എസിന്റെ മുഴുവന്‍ പ്രവര്‍ത്തകരും ഭവനസന്ദര്‍ശനത്തിനിറങ്ങും. സാധ്യതയുള്ളയിടങ്ങളില്‍ ബി.ജെ.പിയുടെ വിജയമുറപ്പാക്കാനും ദുര്‍ബലപ്രദേശങ്ങളില്‍ വോട്ടുചോര്‍ച്ച തടയാനുമാണിത്. അവസാന നിമിഷങ്ങളില്‍ അനുഭാവിവോട്ടുകള്‍ ചോരാതിരിക്കാന്‍ കരുതിയിരിക്കണമെന്ന് കീഴ്ഘടകങ്ങളോട് ആര്‍.എസ്.എസ്. നിര്‍ദേശിച്ചു.

മറ്റ് മുന്നണിസ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തങ്ങളുടെ വോട്ട് സ്വാധീനിക്കുമെന്ന് ആര്‍.എസ്.എസ്. സംശയിക്കുന്നു. ഇടത്-വലത് മുന്നണികളുമായി അന്തര്‍ധാരകളൊന്നുമില്ലെന്നും അങ്ങനെപറഞ്ഞ് വരുന്നവരുടെ വലയില്‍ വീഴരുതെന്നും ആര്‍.എസ്.എസ്. പറയുന്നു. വോട്ടുശതമാനം താഴേക്കു പോകാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണയത്തെത്തുടര്‍ന്നുണ്ടായ പിണക്കങ്ങള്‍ ഒഴിവാക്കി എല്ലാ പരിവാര്‍സംഘടനകളും ഒറ്റക്കെട്ടായി പ്രവര്‍ത്തനത്തിലുണ്ടാകണമെന്നാണ് നിര്‍ദേശം. ആര്‍.എസ്.എസുമായും അനുബന്ധ സംഘടനകളുമായും ഒരിക്കലെങ്കിലും ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുള്ള മുഴുവന്‍ പേരെയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയാണ് ലക്ഷ്യം. ഇതിനായി മുന്‍കാലപ്രവര്‍ത്തകരുടെ പഞ്ചായത്തുതല യോഗങ്ങള്‍ ആര്‍.എസ്.എസ്. വിളിച്ചിരുന്നു.