ടുക്കിയില്‍നിന്നുള്ള തുടര്‍ച്ചയായ അഞ്ചാംവിജയം റോഷി അഗസ്റ്റിന് സമ്മാനിക്കുന്നത് പിണറായി വിജയന്‍ 2.0 സര്‍ക്കാരില്‍ മന്ത്രിസ്ഥാനം. മുന്നണി മാറി എല്‍.ഡി.എഫിലെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ടാം പിണറായി സര്‍ക്കാരില്‍ ലഭിച്ചത് ഒരു മന്ത്രിസ്ഥാനമാണ്. ആ സ്ഥാനത്തേക്കാണ് റോഷി എത്തുന്നത്.  

നിലവില്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര കമ്മിറ്റി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് റോഷി. കന്നിയങ്കം 1996-ല്‍ പേരാമ്പ്രയില്‍നിന്നായിരുന്നു. എന്നാല്‍ ആദ്യമത്സരത്തില്‍ സി.പി.എമ്മിന്റെ എന്‍.കെ. രാധയോടു പരാജയപ്പെട്ടു. 2752 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. പിന്നീട് തട്ടകം മാറി ഇടുക്കിയിലെത്തി. 2001 മുതല്‍ ഇടുക്കിയില്‍ തുടര്‍ച്ചയായി വിജയം. കേരള കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ജോസ് കെ. മാണിയോടൊപ്പം ഉറച്ചുനിന്നു. 

1969-ല്‍ ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ അഗസ്റ്റിന്‍-ലീലാമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളായാണ് ജനനം. പാലാ സെന്റ് തോമസ് കോളേജില്‍നിന്ന് ഫിസിക്‌സില്‍ ബിരുദം നേടി. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ നേഴ്സായ റാണിയാണ് ഭാര്യ. മൂത്തമകള്‍ ആന്‍മരിയ വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി. രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയ എട്ടാം ക്ലാസിലും ഇളയ മകന്‍ അഗസ്റ്റിന്‍ രണ്ടാം ക്ലാസിലും പഠിക്കുന്നു.

ഇടുക്കി മണ്ഡലത്തിലെ ഇത്തവണത്തെ മത്സരം പൊടിപാറുന്നതായിരുന്നു. എല്‍.ഡി.എഫിനു വേണ്ടി റോഷിയും യു.ഡി.എഫിനു വേണ്ടി ഫ്രാന്‍സിസ് ജോര്‍ജും മത്സരത്തിനിറങ്ങി. 2016-ല്‍ റോഷി യു.ഡി.എഫിനും ഫ്രാന്‍സിസ് ജോര്‍ജ് എല്‍.ഡി.എഫിനും വേണ്ടി ഏറ്റുമുട്ടിയിരുന്നു എന്നതായിരുന്നു രസകരമായ മറ്റൊരു വസ്തുത. സംഗീത വിശ്വനാഥനായിരുന്നു എന്‍.ഡി.എ. സ്ഥാനാര്‍ഥി. വീറുംവാശിയും നിറഞ്ഞ അങ്കത്തിനൊടുവില്‍ റോഷി ജയിച്ചുകയറി.  5573 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റോഷിയുടെ വിജയം.

ഇടുക്കിയില്‍നിന്ന് അഞ്ചുവട്ടം നിയമസഭയിലെത്തിയ റോഷി, നാലുതവണയും മത്സരിച്ചത് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായാണ്. എന്നാല്‍ ഇത്തവണ മുന്നണിമാറ്റത്തിനു പിന്നാലെ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചു. ഇടത് എം.എല്‍.എയായി വിജയിച്ച കന്നിയങ്കം റോഷിക്ക് നല്‍കുന്നത് മന്ത്രിസ്ഥാനമാണ്. കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണി പാലായില്‍ പരാജയപ്പെട്ടതും റോഷിക്ക് മന്ത്രിസ്ഥാനം ലഭിക്കാന്‍ കാരണമായിട്ടുണ്ട്. ജോസ് ജയിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനാകുമായിരുന്നു സ്വാഭാവികമായും മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ടാവുക. ജോസ് കെ മാണിയുടെ വിശ്വസ്തന്‍ കൂടിയാണ് റോഷി. പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ സമയത്തും മറ്റും ജോസിനൊപ്പം റോഷി ഉറച്ചുനിന്നിരുന്നു. ഞായറാഴ്ച നടന്ന കേരള കോണ്‍ഗ്രസ് എം. യോഗം പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി റോഷിയെ തിരഞ്ഞെടുത്തതോടെ അദ്ദേഹം മന്ത്രിസ്ഥാനം ഏകദേശം ഉറപ്പിച്ചിരുന്നു.

Content Highlight; Roshy Augustine one and only minister of Kerala Congress