തൃത്താലയില്‍ വി.ടി. ബല്‍റാമും അരുവിക്കരയില്‍ ശബരിനാഥും വീഴുമ്പോള്‍ അതൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയാണ്. ഏതു നിലയ്ക്കും ജയിക്കാവുന്ന സ്ഥാനാര്‍ത്ഥികളാണിവര്‍. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഭൂരിപക്ഷം കുറഞ്ഞതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ജോസ് കെ. മാണിയുടെ തോല്‍വിയും കെ.കെ. രമയുടെ വിജയവും അപഭ്രംശങ്ങളാണ്. പ്രാദേശികവും വ്യക്തിപരവുമായ കാരണങ്ങളാണ് ഈ മണ്ഡലങ്ങളില്‍ ജനവിധിയുടെ അടിസ്ഥാനം.  ഈ അപവാദങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായുള്ള കേരളത്തിന്റെ വിധിയെഴുത്തിന്റെ തിളക്കം ഒട്ടുമേ കുറയ്ക്കുന്നില്ല.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസര്‍കോടും പാലക്കാടും സി.പി.എമ്മിനെ കൈവിട്ടതിന് തുല്ല്യമായ അടിയൊഴുക്കിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. രണ്ട് കൊല്ലം മുമ്പ് കോണ്‍ഗ്രസ് നടത്തിയ ജൈത്രയാത്രയില്‍ സി.പി.എമ്മും ഇടതു മുന്നണിയും വീണടിഞ്ഞതുപോലെ ഇത്തവണ സി.പി.എമ്മിന്റെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും നിലംപരിശായിരിക്കുന്നു.

ബി.ജെ.പിയുടെ തകര്‍ച്ചയും ശ്രദ്ധേയമാണ്. 2016-ല്‍ നേടിയ ഏക സീറ്റും ഇപ്പോള്‍ ബി.ജെ.പിയുടെ കൂടെയില്ല. അഞ്ച് കൊല്ലം മുമ്പ് നേമത്ത് വിരിഞ്ഞ താമര ഒ. രാജഗോപാല്‍ സ്വയം നട്ടുവളര്‍ത്തിയതായിരുന്നെന്നും കേരളം ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാവാന്‍ ഇനിയും കാലമെടുക്കുമെന്നുമാണ് ഈ തിരഞ്ഞെടുപ്പ് ഫലം വിളിച്ചു പറയുന്നത്. വന്‍ പ്രതീക്ഷകളോടെ ബി.ജെ.പി. കളത്തിലിറക്കിയ ഇ. ശ്രീധരനു പോലും ജയിച്ചു കയറാനായില്ലെന്നത് കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് വായിക്കുന്നതില്‍ ബി.ജെ.പിക്ക്  ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതായുണ്ട് എന്നതിന്റെ വ്യക്തമായ സൂചനതന്നെയാണ്.

പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഈ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനോടും കോണ്‍ഗ്രസിനോടും പറയുന്നത്. കേരളത്തിന്റെ മനസ്സും ഭാവനയും പിടിച്ചെടുക്കുന്നതില്‍  കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതൃത്വത്തിന് കേരള ജനതയുടെ വിശ്വാസം നേടിയെടുക്കാനാവാതെ പോയി. നിലവിലുള്ള കോണ്‍ഗ്രസ് നേതൃത്വം തീര്‍ച്ചയായും ഈ തിരിച്ചടിയുടെ ഉത്തരവാദിതവം ഏറ്റെടുക്കുക തന്നെ വേണം.  യു.ഡി.എഫ്. രക്ഷപ്പെടണമെങ്കില്‍ കോണ്‍ഗ്രസില്‍ പുതിയൊരു നേതൃനിര ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.

രണ്ടാമത്തേത് ന്യൂനപക്ഷങ്ങള്‍ ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നു നീങ്ങുന്ന കാഴ്ചയാണ് . കാടിളക്കിക്കൊണ്ടുള്ള ബി.ജെ.പിയുടെ മുന്നേറ്റം തടയാന്‍ ഇടതു മുന്നണിക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവില്‍ ന്യൂനപക്ഷങ്ങള്‍ എടുത്ത തീരുമാനമാണ് യു.ഡി.എഫിനെ ഇത്രയും ഭീകരമായി തകര്‍ത്തു കളഞ്ഞത്. കേരളത്തിന്റെ ജനസംഖ്യയില്‍ ന്യൂനപക്ഷങ്ങള്‍ നിര്‍ണ്ണായക ശക്തിയാണ്. വിജയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കാന്‍ ക്രിസ്ത്യന്‍ - മുസ്ലിം വോട്ടുകളുടെ ഏകീകരണത്തിന് കഴിയും. കേരളത്തിലെ മുസ്ലിം ജനതയ്ക്ക് ഏറ്റവും പ്രിയങ്കരനായ നേതാവ് പിണറായി വിജയനാണെന്ന് ഒരു ചാനലിന്റെ സര്‍വ്വേയില്‍ സൂചനയുണ്ടായത് വെറുതെയായിരുന്നില്ല. മൂന്നാമത്തേത് സി.പി.എമ്മും ഇടതു മുന്നണിയും കാഴ്ചവെച്ച ജനോപകാര പദ്ധതികളുടെ വിജയമാണ്.

യു.ഡി.എഫിനെ തളര്‍ത്താന്‍ ദ്വിമുഖ തന്ത്രമാണ് സി.പി.എമ്മും ഇടതു മുന്നണിയും ആവിഷ്‌കരിച്ചത്. അതില്‍ പ്രധാനം പിണറായി വിജയന്‍ എന്ന നേതാവിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള നീക്കമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കീഴ്വഴക്കങ്ങള്‍ മാറ്റിമറിച്ച് പിണറായി എന്ന ഏക നേതാവിലേക്ക് ഈ തിരഞ്ഞെടുപ്പിനെ കേന്ദ്രീകരിക്കാന്‍ സി.പി.എം. തയ്യാറായി. പിണറായി വേഴ്‌സസ് ദ റെസ്റ്റ് എന്ന സമവാക്യം ഉടലെടുത്തത് ഈ പരിസരത്തിലാണ്. 2014-ലും 19-ലും മോദിയെ കേന്ദ്രീകരിച്ച് ബി.ജെ.പി. നടപ്പാക്കിയ രാഷ്ട്രീയ കരുനീക്കത്തിന്റെ  മറ്റൊരു രൂപം.

ഒരു പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പായി കേരള നിയമസഭയിലേക്കുള്ള പോരാട്ടം പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഇതിനെ കൃത്യമായി നേരിടാന്‍ കോണ്‍ഗ്രസിനായില്ല. രമേശ് ചെന്നിത്തല പിണറായിക്ക് ഒത്ത എതിരാളിയല്ലെന്ന് കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ട ചിന്തയുടെ പ്രതിഫലനമായാണ് ഉമ്മന്‍ചാണ്ടി വീണ്ടും രംഗപ്രവേശം ചെയ്തത്. ഒരു നേതാവിന് പകരം രണ്ടു പേര്‍ വന്നപ്പോള്‍ അത് കോണ്‍ഗ്രസിനുള്ളിലും യു.ഡി.എഫിനുള്ളിലും ആവേശമല്ല ചിന്താക്കുഴപ്പമാണുളവാക്കിയത്. യു.ഡി.എഫിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന സവര്‍ണ്ണ സമുദായങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും തീര്‍ത്തും വിരുദ്ധമായ സന്ദേശങ്ങളാണ് ഈ നേതൃഘടന നല്‍കിയത്.

മുസ്ലിം ലീഗിനെ മുന്‍ നിര്‍ത്തി ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആകര്‍ഷിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രവും വിജയിച്ചതായി വേണം കണക്കാക്കാന്‍. യു.ഡി.എഫില്‍  ലീഗിന്റെ അധീശത്വമാെണന്ന സിപിഎം പ്രചാരണം ഫലമുണ്ടാക്കി എന്നതില്‍ സംശയമില്ല. അതേസമയം എന്‍.എസ്എസ്സിന്റെ പിന്തുണകൊണ്ട് നായര്‍ വോട്ടുകള്‍ ഉറപ്പിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോവുകയും ചെയ്തു. ശബരിമല വിഷയത്തില്‍ തടവു ശിക്ഷ ഉറപ്പാക്കുന്ന നിയമമുണ്ടാക്കുമെന്നൊക്കെ പറഞ്ഞ് വെറുതെ പേരുദോഷമുണ്ടാക്കി എന്നല്ലാതെ ഒരു ഗുണവും യു.ഡി.എഫിന് ഇതിലൂടെയുണ്ടായില്ല .

ആത്യന്തികമായി പിണറായി സര്‍ക്കാരിന്റെ വിജയം തന്നെയാണിത്. അടിത്തട്ടില്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ക്കുള്ള വോട്ടാണിത്. കിറ്റും പെന്‍ഷനും എന്ന സമവാക്യത്തിന് കിട്ടിയ അംഗീകാരമാണ് ഈ വിജയമെന്ന് അടിവരയിട്ട് തന്നെ പറയണം. പ്രളയത്തിലും രോഗത്തിലും കൈപിടിക്കാന്‍, കൂടെ നില്‍ക്കാന്‍ ഒരു ഭരണകൂടമുണ്ടായിരുന്നു എന്ന് അനുഭവത്തിന്റെ പുറത്തുള്ള വോട്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ അഭൂതപൂര്‍വ്വമായ വിജയം മറ്റൊരു കാലവാസ്ഥയില്‍, മറ്റൊരു പ്രതിസന്ധിയില്‍ കേരളം എടുത്ത തീരുമാനമായിരുന്നുവെന്നും ഇടതുമുന്നണിയുടെ ഈ വന്‍വിജയം വ്യക്തമാക്കുന്നു.

വലിയ പോരാട്ടമാണ് യു.ഡി.എഫ്. നടത്തിയതെന്നത് കാണാതിരിക്കാനാവില്ല. ഇതൊരു ജീവന്മരണ പോരാട്ടമാണെന്ന് കോണ്‍ഗ്രസിനറിയാമയിരുന്നു. അതുകൊണ്ടു തന്നെ ഗ്രൂപ്പ് വൈരം മറക്കാന്‍ വരെ കോണ്‍ഗ്രസിലെ നേതാക്കള്‍ തയ്യാറായി. മികച്ചൊരു സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കാനും കോണ്‍ഗ്രസിന് കഴിഞ്ഞു. അതുകൊണ്ടാണ് പല മണ്ഡലങ്ങളിലും മത്സരം കടുത്തത്. ചെറിയ ഭൂരിപക്ഷത്തിന് യു.ഡി.എഫിന് കൈവിട്ടു പോയ മണ്ഡലങ്ങളുടെ എണ്ണം കാണാതിരിക്കരുത്.

മറ്റൊരു കാലത്തായിരുന്നെങ്കില്‍  ഒരുപക്ഷേ, ഈ സ്ഥനാര്‍ത്ഥികള്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുമായിരുന്നു. കേരളത്തില്‍ ഇക്കുറി താമര വിരിയാതെ പോയതിനുള്ള ബഹുമതി കോണ്‍ഗ്രസിന് കൂടി നല്‍കാന്‍ ഈ വിജയ നിമിഷത്തില്‍ സി.പി.എം. തയ്യാറാവണം. നേമത്ത് കെ. മുരളീധരനെപ്പോലൊരു സ്ഥാനാര്‍ത്ഥിയെ  കോണ്‍ഗ്രസ് നിര്‍ത്തിയതുകൊണ്ടു മാത്രമാണ് കുമ്മനത്തെ വീഴ്ത്താന്‍ ശിവന്‍കുട്ടിക്കായതന്നെ് സി.പി.എം. മറക്കരുത്.

തൃശ്ശൂരില്‍ പത്മജയുടെ സ്ഥാനാര്‍ത്ഥിത്വവും ആത്യന്തികമായി ഇടതുമുന്നണിയെ സഹായിച്ചു. പത്മജ നേടിയ വോട്ടുകളാണ് അവിടെ സി.പി.ഐക്ക് വിജയം സമ്മാനിച്ചത്. ബി.ജെ.പിയുടെ തുറുപ്പ് ചീട്ടായിരുന്ന ഇ. ശ്രീധരനെ വീഴ്ത്തിയത് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണെന്നും മറക്കരുത്. രണ്ടിടത്ത് മത്സരിച്ച ബി.ജെ.പി. പ്രസിഡന്റ് കെ സുരേന്ദ്രന്റെ തോല്‍വിയിലും കോണ്‍ഗ്രസിന് നിര്‍ണ്ണായക പങ്കുണ്ട്.

ഈ ചരിത്രവിജയത്തിന്റെ ബഹുമതിയത്രയും പിണറായി വിജയന് അവകാശപ്പെട്ടതാണ്. വിജയമായാലും പരാജയമായാലും ഇടതുമുന്നണിയില്‍ അത് ഒരാളിലേക്കേ പോവുകയുള്ളുവെന്ന് ഉറപ്പായിരുന്നു. പിണറായി വിജയന്‍ എന്ന ആ നേതാവിന് ഇന്നിപ്പോള്‍ സിപിഎമ്മിലും ഇടതുമുന്നണിയിലും പകരക്കാരില്ല. ഒതുക്കേണ്ടവരെ ഒതുക്കിയും വളര്‍ത്തേണ്ടവരെ വളര്‍ത്തിയും പിണറായി കളിച്ച കളിയാണ് ഇന്നിപ്പോള്‍ ഈ വന്‍ വിജയത്തില്‍ കലാശിച്ചിരിക്കുന്നത്. വെല്ലുവിളികളുടെയും പ്രതിസന്ധികളുടെയും പരമ്പരകള്‍ മറികടന്ന് ഇടതുമുന്നണി കേരളത്തില്‍ പുതുചരിത്രം എഴുതുമ്പോള്‍ അവസാന ചിരി സിപിഎമ്മിന്റെ ഈ നായകന് സ്വന്തമാവുന്നു. 

content highlights: Reasons behind LDF win, Kerala Assembly election 2021 analysis