കോഴിക്കോട്: വികസനരംഗത്ത് കുതിക്കുന്നുവെന്ന വിശേഷണത്തോടെ നടക്കുന്ന ഉദ്ഘാടനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും ശോഭകെടുത്തി തൊഴില്‍സമരങ്ങള്‍. ഏതാനും റാങ്ക് ലിസ്റ്റുകളുടെ പേരില്‍ ഉദ്യോഗാര്‍ഥികള്‍ തുടങ്ങിയ പ്രക്ഷോഭം തീവ്രത കൈവരിച്ചതില്‍ ഭരണമുന്നണി അസ്വസ്ഥമാണ്.
സമരത്തില്‍ പ്രതിപക്ഷം ഇറങ്ങിക്കളിക്കുമെന്ന് സി.പി.എം. നേതൃത്വംപോലും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളും സ്ഥിരപ്പെടുത്തലുകളും സാധാരണക്കാരില്‍ സംശയംകൂട്ടുന്നുവെന്ന് ഘടകകക്ഷികളും കരുതുന്നു. വിവാദങ്ങള്‍ക്കിടെ വികസനപദ്ധതികള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെന്ന തോന്നലും ശക്തമാണ്.
പത്തും ഇരുപതും വര്‍ഷം ജോലിചെയ്ത താത്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. പി.എസ്.സി.ക്കുവിട്ട നിയമനങ്ങളിലൊന്നും ഇത്തരത്തില്‍ സ്ഥിരപ്പെടുത്തല്‍ നടത്തിയിട്ടില്ലെന്നും അവര്‍ വിശദീകരിക്കുന്നു. ബാഹ്യശക്തികളുടെ പ്രേരണയിലാണ് നിയമനസമരം നടക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
അഭിമാനപ്രശ്‌നം
യുവ എം.എല്‍.എ.മാരായ ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരസമരം ആരംഭിച്ചത് ഭരണപക്ഷത്തെ യുവജനസംഘടനകളെ അലോസരപ്പെടുത്തുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമരംതീര്‍ക്കാനുള്ള ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതോടെ വിഷയം സര്‍ക്കാരിന് അഭിമാനപ്രശ്‌നമായി. ഇതു സ്വീകരിച്ചാല്‍ പ്രതിപക്ഷത്തിനും സമരക്കാര്‍ക്കും മുന്നില്‍ കീഴടങ്ങിയെന്ന വ്യാഖ്യാനമുണ്ടാകും. അതൊഴിവാക്കി എങ്ങനെ ഉദ്യോഗാര്‍ഥികളെ സമരരംഗത്തുനിന്ന് പിന്മാറ്റുമെന്നതാണ് ഇടതുമുന്നണി നേതൃത്വത്തിലെ ആലോചന.
ഓരോ പുതിയ സംരംഭങ്ങള്‍ തുടങ്ങുമ്പോഴും താത്കാലിക നിയമനങ്ങള്‍ ഏതുസര്‍ക്കാരിന്റെ കാലത്തും പതിവാണ്. ഓരോ സ്ഥിരപ്പെടുത്തലിലും ഇരുമുന്നണിയിലുള്ളവരും ഗുണഭോക്താക്കളാണ്. അതിനാല്‍ അധികം തലയിടാന്‍ പ്രതിപക്ഷവും ശ്രമിക്കാറില്ല. എന്നാല്‍, ഇപ്പോഴത്തെ സമരത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷം പരമാവധി ശ്രമിക്കുന്നുമുണ്ട്. ബി.ജെ.പി.യുടെ യുവജനവിഭാഗവും സജീവമാണ്.