ഹരിപ്പാട്: ''ഉമ്മന്‍ചാണ്ടിയെ അനുകരിക്കണം'' - കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങാന്‍ ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ വേദിയിലെത്തിയ നടനും സംവിധായകനുമായ രമേഷ് പിഷാരടിയോട് പ്രവര്‍ത്തകരുടെ ആവശ്യമതായിരുന്നു. പഴയതുപോലല്ല, ഉമ്മന്‍ചാണ്ടിസാര്‍ ഇപ്പോള്‍ തന്റെ നേതാവാണാണെന്നും അദ്ദേഹത്തിന്റെ അനുവാദം വേണമെന്നും പറഞ്ഞൊഴിയന്‍ പിഷാരടി ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും വേദിയിലിരുന്ന് ചിരിച്ചു കൈവീശി ഉമ്മന്‍ചാണ്ടി അനുവാദം കൊടുത്തുകഴിഞ്ഞിരുന്നു.
ഒരു നിമിഷം, തോള്‍ മെല്ലേ ചെരിച്ച് രമേഷ് പിഷാരടി മൈക്കിന് മുമ്പിലേക്ക് നീങ്ങിനിന്നു. പത്രസമ്മേളനങ്ങളിലെ ഉമ്മന്‍ചാണ്ടിയുടെ ശരീരഭാഷയും സംസാരവും അപ്പടി അനുകരിച്ച പിഷാരടി, തന്നെ കടന്നാക്രമിക്കുന്ന ട്രോളുകള്‍ക്ക് ഉമ്മന്‍ചാണ്ടി സംയമനത്തോടെ മറുപടി പറയുന്നതും കേള്‍പ്പിച്ചു. ട്രോളുകളെല്ലാം ആസ്വദിക്കാറുണ്ടെന്നും പക്ഷേ, ട്രോളുന്ന ചെറുപ്പക്കാരനെപ്പറ്റി സങ്കടമുണ്ടെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശബ്ദത്തില്‍ രമേഷ് പിഷാരടി തുടര്‍ന്ന് പറഞ്ഞത്.
ട്രോളുകാരന്‍ അഞ്ച് വര്‍ഷമായി പി.എസ്.സി. പരീക്ഷയെഴുതി ജോലിക്ക് കാത്തിരിക്കുന്ന ആളാണെന്നാണ് 'ഉമ്മന്‍ചാണ്ടി' പറഞ്ഞു നിര്‍ത്തിയത്. ഈ ആക്ഷേപഹാസ്യത്തിലെ രാഷ്ട്രീയം പിടികിട്ടിയതോടെ, സാക്ഷാല്‍ ഉമ്മന്‍ചാണ്ടി സ്വയംമറന്നു ചിരിച്ചുപോയി. ജാഥ നയിച്ചുവന്ന പ്രതിപക്ഷ നേതാവും പ്രവര്‍ത്തകരുമെല്ലാം ആ ചിരിക്കൊപ്പം ചേര്‍ന്നു.
ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിഷാരടി വ്യക്തമാക്കി. അതേസമയം, അടുത്ത സുഹൃത്ത് ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് യു.ഡി.എഫ്. സീറ്റുകൊടുത്താല്‍ അവനുവേണ്ടി ശക്തമായി പ്രവര്‍ത്തിക്കും. നടന്മാരായ മുകേഷിന്റെയും ഇന്നസെന്റിന്റെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിട്ടുണ്ട്. അത് സൗഹൃദം കൊണ്ടാണ്.
കോണ്‍ഗ്രസില്‍ ചേര്‍ന്നത് തനിക്കെന്തുകിട്ടുമെന്ന് ചിന്തിച്ചിട്ടല്ല, മറ്റുള്ളവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന ആഗ്രഹം കൊണ്ടാണ്. കോമഡിക്കാരെല്ലാം കോണ്‍ഗ്രസില്‍ ചേര്‍ന്നെന്നാണ് ചിലര്‍ കുറ്റംപറയുന്നത്. തൊഴിലിന്റെ മാഹാത്മ്യം പറയുന്നവര്‍ ഇങ്ങനെ ചിന്തിക്കുന്നത് ശരിയാണോ? പിന്നെ, ചിരിയും ഒരു വികസന പ്രവര്‍ത്തനമാണെന്ന് മറക്കരുത്. രണ്ടിഞ്ചിന്റെ ചുണ്ട് നാലിഞ്ചായി വികസിപ്പിക്കുന്ന വികസനപ്രവര്‍ത്തനമാണിത്. പിന്നെ, കോണ്‍ഗ്രസിലേക്ക് വന്നിരിക്കുന്നത് പാവം കോമഡിക്കാരാണ്. അവര്‍ ആരെയും ഉപദ്രവിക്കില്ലെന്നും പിഷാരടി പറഞ്ഞു.
അമ്മ സെക്രട്ടറി ഇടവേള ബാബുവും ഹരിപ്പാട്ടെ വേദിയിലെത്തി. കെ.എസ്.യു. സ്ഥാനാര്‍ഥിയായ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയാണെന്ന് ഇടവേള ബാബു പറഞ്ഞു.
Content Highlights: Ramesh pisharody joins congress