ഹരിപ്പാട് : ജനവിധി അംഗീകരിക്കുന്നുവെന്നും അപ്രതീക്ഷിതമായ പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

"ഈ പരാജയം ഉണ്ടാകുമെന്ന് ഞങ്ങള്‍ കരുതിയതല്ല. ജനങ്ങളുടെ വിധിയെ ഞങ്ങള്‍ ആദരപൂര്‍വ്വം അംഗീകരിക്കുന്നു. പരാജയ കാരണങ്ങള്‍ സംബന്ധിച്ച് യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും. എവിടെയാണ് പാളിച്ചകള്‍ ഉണ്ടായതെന്ന് വിലയിരുത്തും. കൂട്ടായ ചര്‍ച്ചകളിലൂടെ യുഡിഎഫിന്റെ യോഗം ചേര്‍ന്ന് മറ്റു നടപടികളുമായി മുന്നോട്ടു പോകും", ചെന്നിത്തല പറഞ്ഞു

"കേരളത്തില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്തു പറഞ്ഞിരുന്നു. അത് ഇല്ലാതായിയെന്ന് ഈ വിജയം കൊണ്ട് ആരും കരുതണ്ട. ജയിച്ചു വന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. ഞങ്ങള്‍ വസ്തുതകളെ കുറിച്ച പഠിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയും. ഞങ്ങള്‍ ഉന്നയിച്ച അഴിമതികളും ആരോപണങ്ങളും വസ്തുത തന്നെയായിരുന്നു. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെ ഞങ്ങള്‍ തിരുത്തി", അതാണ് പ്രതിപക്ഷത്തിന്റെ കടമയെന്നും ചെന്നിത്തല പറഞ്ഞു.

content highlights: Ramesh Chennithala On Kerala Assembly election defeat