രിക്കല്‍ സംഭാഷണമദ്ധ്യേ രമേശ് ചെന്നിത്തല മലയാളത്തില്‍ ആയിടെ ഇറങ്ങിയ ഒരു നോവലിനെ പരാമര്‍ശിച്ചു. മലയാളത്തിലെ ഒരു മുന്‍നിര എഴുത്തുകാരിയുടെ ഏറെ വാഴ്ത്തപ്പെട്ട നോവല്‍. പക്ഷേ, ചെന്നിത്തല പറഞ്ഞത് ആ നോവലിന്റെ പരിമിതികളെക്കുറിച്ചാണ്. മുഖ്യധാരയില്‍നിന്ന് വിട്ടുമാറിനിന്നുള്ള കാഴ്ചപ്പാടായിരുന്നു അത്. മീഡിയൊക്രിറ്റിയില്‍ അഭിരമിക്കുന്നവരുടെ ഇടയിലല്ല ചെന്നിത്തലയെന്ന വ്യക്തമായ പ്രഖ്യാപനമായിരുന്നു അത്.

മീശ എന്ന നോവിലനെതിരെ വലിയ പ്രതിഷേധമുണ്ടായപ്പോള്‍ ചെന്നിത്തല എടുത്ത നിലപാടും വ്യത്യസ്തമായിരുന്നു. മീശ തന്റെ മകന്റെ പുസ്തക കമ്പനി പ്രസിദ്ധീകരിക്കുമെന്നാണ് ചെന്നിത്തല പറഞ്ഞത്. ഇടതു മുന്നണിയിലെ നേതാക്കള്‍ പോലും അത്തരമൊരു പ്രസ്താവനയ്ക്ക് മുതിര്‍ന്നിരുന്നില്ല. ആര്‍.എസ്.എസുമായി  അന്തര്‍ധാരയുണ്ടെന്ന ആരോപണത്തിന്റെ മുനമ്പില്‍ നില്‍ക്കവെയാണ് ചെന്നിത്തല ഇത്തരമൊരു നിലപാടെടുത്തത്.

ചെന്നിത്തലയുടെ പ്രശ്നം ഇമേജ് ട്രാപ്പാണ്- പ്രതിച്ഛായയുടെ കെണി. കെ. കരുണാകരന്റെ വത്സല ശിഷ്യനായിരുന്ന ചെന്നിത്തലയെ കോണ്‍ഗ്രസിലെ ആന്റണിയും കൂട്ടരും കൃത്യമായി നോട്ടമിട്ടു. ഇടതുപക്ഷവും ആര്‍.എസ്.എസും ചെന്നിത്തലയെ ഒരിക്കലും വെറുതെ വിട്ടിരുന്നില്ല. രാഹുല്‍ ഗാന്ധിയെ പരിഹാസ്യ കഥാപാത്രമാക്കിയ ആര്‍.എസ്.എസ്. - ഇടതുപക്ഷ തന്ത്രം തന്നെയാണ് ചെന്നിത്തലയുടെ കാര്യത്തിലുമുണ്ടായത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ ഒളിയമ്പുകള്‍ കൂടിയായപ്പോള്‍ ചെന്നിത്തലയ്ക്ക്  കേരള രാഷ്ട്രീയത്തില്‍ നേരിടേണ്ടി വന്ന കടമ്പകള്‍ നിസ്സാരമായിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ ചെന്നിത്തല പോരാടിയത് ഈ പ്രതിച്ഛായ കെണി(ഇമേജ് ട്രാപ്പ്)ക്കെതിരെ ആയിരുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാരിനെതിരെയുള്ള ചെന്നിത്തലയുടെ പോരാട്ടം പലപ്പോഴും മുന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്ച്യുതാനന്ദനെ ഓര്‍മ്മിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയെയും കോണ്‍ഗ്രസിനെയും നേരിടുന്നതില്‍ വി.എസ്സിന് ആദ്യം മറികടക്കേണ്ടിയിരുന്നത് സ്വന്തം പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ആയിരുന്നു. വി.എസ്. നേരിട്ടതിനേക്കാള്‍ കടുത്ത വെല്ലുവിളികളാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തല അഭിമുഖീകരിച്ചത്. സി.പി.എം. എന്ന സുസംഘടിത പ്രസ്ഥാനത്തേയും അതിന്റെ അനിഷേദ്ധ്യ നേതാവിനെയും ചോദ്യം ചെയ്യുകയും എതിരിടുകയും ചെയ്യുക എളുപ്പമുള്ള കലാപരിപാടിയല്ല.

ചെന്നിത്തലയെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം വ്യക്തിപരമായി അധിക്ഷേപിക്കുന്ന ശൈലിയാണ് എതിരാളികള്‍ സ്വീകരിച്ചത്. ചെന്നിത്തലയെ തളര്‍ത്തിയാല്‍ അത് കോണ്‍ഗ്രസിനെ മൊത്തം തളര്‍ത്തുന്നതിന് തുല്ല്യമായിരിക്കുമെന്ന തിരിച്ചറിവിലാണ് എതിരാളികള്‍ ഈ തന്ത്രം മെനഞ്ഞത്. കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പായ എ വിഭാഗം എതിരാളികളുടെ ഈ നീക്കത്തില്‍ ആഹ്ളാദിക്കുകയും അതില്‍ തങ്ങളാല്‍ക്കഴിയുന്ന ഒത്താശകള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.

chennithala
രമേശ് ചെന്നിത്തല | ഫയല്‍ ഫോട്ടോ: മാതൃഭൂമി

ഇക്കഴിഞ്ഞ കാലയളവില്‍ കേരളം കണ്ട പ്രധാനപ്പെട്ട അഴിമതി വിവാദങ്ങള്‍ എല്ലാം തന്നെ ഉയര്‍ത്തിക്കൊണ്ടു വന്നത് ചെന്നിത്തലയാണ്. സ്പ്രിങ്ക്ളര്‍, ബ്രുവറി, ഇ.എം.സി.സി. തുടങ്ങി പിണറായി സര്‍ക്കാര്‍ പ്രതിരോധത്തിലായ മുഖ്യ അഴിമതി ആരോപണങ്ങള്‍ പുറത്തു വന്നത് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനങ്ങളിലൂടെ ആയിരുന്നു. പ്രതിപക്ഷ നേതാവിന്റെ  പത്രസമ്മേളനങ്ങള്‍ ബ്രേക്കിങ് സ്റ്റോറി ആവുന്ന കാഴ്ചയാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം കണ്ടത്.

കൃത്യമായ ഗൃഹപാഠത്തോടെയാണ് ചെന്നിത്തല ഓരോ വാര്‍ത്താസമ്മേളനവും നടത്തിയത്. താന്‍ പുറത്തുവിട്ട അഴിമതിക്കഥകള്‍ ഒരു ദിവസം കൊണ്ട് ഇല്ലാതാവുന്നില്ലെന്നും ചെന്നിത്തല ഉറപ്പു വരുത്തി. സ്പ്രിങ്ക്ളറില്‍ കമ്മീഷന് മേല്‍ കമ്മീഷനെ വെയ്ക്കേണ്ടി വന്നതും ഇ.എം.സി.സി. ഇടപാട് റദ്ദാക്കേണ്ടി വന്നതും പിണറായി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമായിരുന്നു.

യു.എ.പി.എ. കേസില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കേരള സര്‍ക്കാര്‍ തുറുങ്കിലടച്ചപ്പോഴും മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയപ്പോഴും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ  മുന്നിട്ടിറങ്ങാന്‍ ചെന്നിത്തല മടികാണിച്ചില്ല. കോവിഡ് 19 രോഗിയായ വനിത ആംബുലന്‍സില്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തലയ്ക്ക് വാക്ക് പിഴച്ചത് വലിയ വിവാദമായി.

പക്ഷേ, കേരള സമൂഹത്തോട് ഈ വിഷയത്തില്‍ മാപ്പു പറയാന്‍ ചെന്നിത്തല തയ്യാറായത് രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരദ്ധ്യായമായി. അതേസമയം, ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന ചെന്നിത്തലയുടെ പ്രസ്താവന വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. നവോത്ഥാന മൂല്യങ്ങള്‍ക്കായി നിലകൊള്ളേണ്ട ഒരു നേതാവില്‍നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയായിരുന്നു അത്.  ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഇത് വീഴ്ത്തിയ കരിമഷി എക്കാലവും അവിടെയുണ്ടാവും.

എല്ലാ അര്‍ത്ഥത്തിലും ചെന്നിത്തലയ്ക്കും കോണ്‍ഗ്രസിനും ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമായിരുന്നു. ഈ യുദ്ധം തോറ്റാല്‍ അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാനാവില്ലെന്ന് ചെന്നിത്തലയ്ക്ക് നന്നായറിയാമായിരുന്നു. തിരഞ്ഞെടുപ്പ് പോരാട്ടം മുന്നില്‍നിന്ന് നയിക്കാന്‍ ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്റ് നിയോഗിച്ചെങ്കിലും കേരളത്തില്‍ ഉടനീളം ഓടിനടന്ന് കോണ്‍ഗ്രസിനും യു.ഡി.എഫിനുമായി ചെന്നിത്തല നടത്തിയ കഠിനാദ്ധ്വാനം ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല.

ചെന്നിത്തലയുടെ പോരാട്ടം കഠിനമാക്കിയതില്‍ ഹൈക്കമാന്റിന്റെ  ചിന്താശൂന്യമായ നടപടികള്‍ക്കുള്ള പങ്ക് അടയാളപ്പെടുത്തപ്പെടേണ്ടതായുണ്ട്. വി.എം. സുധീരനെ ഇറക്കി ഉമ്മന്‍ ചാണ്ടിക്ക് ചെക്ക് പറഞ്ഞതിന് സമാനമായ രീതിയിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി. പ്രസിഡന്റാക്കിക്കൊണ്ട് ഹൈക്കമാന്റ് കളിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് സംഘടന സംവിധാനം അഴിച്ചുപണിയമെന്ന ആവശ്യം നിറവേറ്റാനും ഹൈക്കമാന്റിനായില്ല.

സംഘടന സംവിധാനം ദുര്‍ബ്ബലമായതാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ തളര്‍ത്തിയ മുഖ്യ ഘടകം. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സി.പി.എം. എന്ന പാര്‍ട്ടിക്ക് മുന്നില്‍ വഴി അറിയാതെ അലയുന്ന കുട്ടിയെപ്പോലെയായിരുന്നു കോണ്‍ഗ്രസ്. ഹൈക്കമാന്റില്‍ അമിത സ്വാധീനം ചെലുത്തുന്ന നേതാക്കളാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബ്ബലമാക്കുന്നതില്‍ എന്നും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ ചെവി തിന്നുന്നവര്‍ സ്വന്തം താല്‍പര്യം മാത്രം നോക്കുമ്പോള്‍ കാലിനടിയില്‍നിന്ന് ഒലിച്ചു പോവുന്ന മണ്ണിന് കണക്കുണ്ടാവില്ല.

കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാക്കളുടെ പട്ടികയില്‍ ചെന്നിത്തലയുടെ സ്ഥാനം മുന്നില്‍ തന്നെയായിരിക്കും. കരുണാകരനും ഉമ്മന്‍ ചാണ്ടിക്കും പകരം വെയ്ക്കാന്‍ പറ്റിയയാളല്ല എന്ന പരിഹാസവും അധിക്ഷേപവും പിന്തുടരുമ്പോഴും  പെരുന്നയിലോ കണിച്ചുകുളങ്ങരയിലോ ആശ്രയവും അഭയവും തേടാന്‍ ചെന്നിത്തല തയ്യാറായില്ല എന്നത് ചെറിയ കാര്യമല്ല. പരാജയം പക്ഷേ, പരാജയം തന്നെയാണ്. അതിനിര്‍ണ്ണായകമായ ഒരു പോരാട്ടത്തില്‍ വിജയിക്കാനായില്ല എന്നത് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തില്‍ എന്നും എടുത്തുകാണിക്കപ്പെടും.

ഇനി എന്ത് എന്ന ചോദ്യം ചെന്നിത്തലയ്ക്ക് മുന്നില്‍ നിഴല്‍ പടര്‍ത്തുന്നുണ്ട്. ചെന്നിത്തല സ്വയം വിട്ടുനില്‍ക്കുകയാണെങ്കില്‍ മാത്രമേ പ്രതിപക്ഷ നേതാവായി മറ്റൊരാള്‍ വരാനിടയുള്ളു. നിര്‍ഭാഗ്യവാനായ നേതാവ് എന്ന വിശേഷണമാവാം ചെന്നിത്തലയ്ക്ക് ഭാവി ചരിത്രകാരന്മാര്‍ ചാര്‍ത്തിക്കൊടുക്കുക. ഇതാദ്യമായി ഇടതുമുന്നണി തുടര്‍ഭരണം എന്ന ചരിത്രം എഴുതുമ്പോള്‍ അതിന്റെ മറുതലയ്ക്കല്‍ നില്‍ക്കേണ്ടി വരുന്നുവെന്നത് വല്ലാത്തൊരു അനുഭവമാണ്. നിര്‍ണ്ണായകമായ  പെനാല്‍റ്റി കിക്ക് വല തുളച്ചു പോവുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്ന ഗോളിയെ ചെന്നിത്തല തീര്‍ച്ചയായും ഈ നിമിഷത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Content Highlights: Ramesh Chennithala: Image trap