തിരുവനന്തപുരം: കട കാലിയാക്കല്‍ വില്പനയില് മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ താന്‍ നിസാരനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ തന്നെ കാലിയാക്കുന്ന വില്പനയില് ഏര്‍പ്പെട്ടിരിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയിലേക്ക് കട കാലിയാക്കല്‍ വില്‍പ്പന നടത്തുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് ചെന്നിത്തലയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.
'5000 കോടിക്ക് കേരളത്തിന്റെ മത്സ്യ സമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് വിറ്റ് കാശാക്കാന്‍ നോക്കിയത് പിണറായി വിജയനാണ്. കോവിഡ് കാലത്ത് കേരളീയരുടെ ആരോഗ്യ വിവരങ്ങള്‍ മറ്റൊരു അമേരിക്കന്‍ കമ്പനിക്ക് വില്ക്കാന് ശ്രമിച്ചതും പിണറായി. അവസരം കിട്ടിയാല്‍ എന്തും കുറഞ്ഞ വിലക്ക് വിറ്റു തുലക്കുന്നയാളാണ് മുഖ്യമന്ത്രി. കട കാലിയാക്കല്‍ വില്പനയില് മികവ് തെളിയിച്ച പിണറായി വിജയന് മുന്നില്‍ ഞാന്‍ നിസാരനാണ്.' പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വിലപിക്കുന്ന പിണറായി പശ്ചിമ ബംഗാളിന്റെ കാര്യം മറന്നുപോയി. സി.പി.എം. ഓഫീസുകളെല്ലാം ഇപ്പോഴവിടെ ബി.ജെ.പിയുടേതാണ്. അമിത് ഷായുടെ റാലിയില്‍ വച്ചാണ് സി.പി.എം. എം.എല്‍.എയും അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നത്. അങ്ങനെ കൂട്ടത്തോടെ സി.പി.എമ്മുകാര്‍ അവിടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. ബി.ജെ.പിയിലേക്ക് കട കാലിയാക്കല്‍ വില്പന നടത്തുന്നത് ഇപ്പോള്‍ ആരാണെന്ന് വ്യക്തമായില്ലേയെന്നും ചെന്നിത്തല ചോദിച്ചു. കേരളത്തില്‍ ബ്രാഞ്ച് കമ്മിറ്റികള്‍ ഓഫീസോട് കൂടിയാണ് ബി.ജെ.പിയിലേക്ക് പോയത്.
ഇന്ത്യയില്‍ രണ്ട് സീറ്റിലായിരുന്ന ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ സി.പി.എം. നല്കിയ സംഭാവനകള്‍ ആര്‍ക്കും മറക്കാനാവില്ല. ഏത് ചെകുത്താനേയും കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നായിരുന്നു അന്ന് ഇ.എം.എസ്. പറഞ്ഞത്. ആ ചെകുത്താനാണ് ഇപ്പോള്‍ അധികാരത്തിലേറി ഇന്ത്യയെ വിഴുങ്ങി കൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Content Highlights: ramesh chennithala against pinarayi vijayan