കല്പറ്റ: ഓട്ടോയിൽ യാത്രചെയ്തും കുട്ടികൾക്ക്‌ ഹെലികോപ്‌റ്റർ പരിചയപ്പെടുത്തിയും രാഹുൽ ഗാന്ധി. കല്പറ്റയിലും കോഴിക്കോട്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു രാഹുലിന്റെ ഓട്ടോ സവാരി. പ്രചാരണംകഴിഞ്ഞ് എസ്.കെ.എം.ജെ. സ്‍കൂളിലെ ഹെലിപ്പാഡിലേക്ക് മടങ്ങുന്നതിനിടെയാണ് കല്പറ്റയിലെ എടപ്പെട്ടിയിൽനിന്ന് ‍രാഹുൽഗാന്ധി ഷെരീഫിന്റെ ഓട്ടോയിൽ കയറുന്നത്. കല്പറ്റ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ടി. സിദ്ദിഖ്, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. എന്നിവരും ഒപ്പമുണ്ടായിരുന്നു. ഓട്ടോറിക്ഷയിൽ കയറിയ ഉടനെ ചോദ്യം ഇന്ധനവില വർധനയെക്കുറിച്ചായിരുന്നു. വലിയ പ്രയാസത്തിലാണ് മുന്നോട്ടുപോവുന്നതെന്ന് ഷെരീഫ് മറുപടി പറഞ്ഞു.

കോഴിക്കോട് ഹെലികോപ്റ്റർ സ്ഥലം മാറിയിറങ്ങി

കോഴിക്കോട്ട് റോഡ്‌ഷോയ്ക്കെത്തിയ രാഹുൽഗാന്ധിയുടെ ഹെലികോപ്റ്റർ സ്ഥലം മാറിയിറങ്ങിയതോടെ റോഡ്‌ഷോ നടക്കുന്ന കോഴിക്കോട് ബീച്ചിലേക്ക് രാഹുൽ എത്തിയത് ഓട്ടോറിക്ഷയിൽ. ബീച്ച് മറൈൻ ഗ്രൗണ്ടിലെ ഹെലിപ്പാഡിലിറങ്ങേണ്ടതിനു പകരം രണ്ടുകിലോമീറ്റർ അകലെയുള്ള ക്രിസ്ത്യൻകോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്ററിറങ്ങിയത്. സ്ഥലംമാറിപ്പോയതറിഞ്ഞ് പോലീസ് അവിടെയെത്തിയെങ്കിലും സർക്കാർ വാഹനമായതിനാൽ പോലീസ് വാഹനത്തിൽ കയറാൻ രാഹുൽ തയ്യാറായില്ല.

സ്വകാര്യവാഹനം സംഘടിപ്പിച്ച് നൽകിയാൽമതിയെന്ന് ആവശ്യപ്പെട്ടതോടെ ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ പി.കെ. രാജു ഓട്ടോ വിളിച്ചുനൽകുകയായിരുന്നു. രാഹുൽഗാന്ധിയ്ക്കൊപ്പമുണ്ടായിരുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സെക്യൂരിറ്റിഗാർഡും അതിൽകയറി ബീച്ച് മറൈൻ ഗ്രൗണ്ടിലെത്തി. അവിടെനിന്ന് കാറിലാണ് പുതിയകടവ് ബീച്ചിലേക്ക് എത്തിയത്.

സാനിയ പറക്കട്ടേയെന്ന് രാഹുൽ

ഈസ്റ്റർദിനത്തിൽ വയനാട്ടിലെ എടപ്പെട്ടി ജീവൻ ജ്യോതി ചിൽഡ്രൻസ് ഹോമിലേക്ക് എത്തുമ്പോൾ സാനിയ ജ്യോതിഷിന്റെ ആഗ്രഹം രാഹുൽ ഗാന്ധിയെ നേരിൽക്കാണുകയെന്നതായിരുന്നു. എന്നാൽ, ജീവൻ ജ്യോതിയും രാഹുൽ ഗാന്ധിയും സാനിയയ്ക്കായി കാത്തുവെച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ. പൈലറ്റാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സാനിയയെയുംകൂട്ടി ഹെലിപ്പാഡിലെത്തി ഹെലികോപ്റ്റർ പരിചയപ്പെടുത്തിയശേഷമാണ് രാഹുൽ ഗാന്ധി ഞായറാഴ്ച കല്പറ്റ വിട്ടത്. ഒന്നിച്ച് ഭക്ഷണംകഴിക്കുന്നതിനിടെയാണ് സാനിയയോട് എന്താകാനാണ് ആഗ്രഹം എന്ന് രാഹുൽ ചോദിച്ചത്. പൈലറ്റാകണമെന്നായിരുന്നു മറുപടി.

തുടർന്ന് സാനിയയുമായി ഹെലിപ്പാഡിലെത്തിയ രാഹുൽ ആദ്യം പൈലറ്റിന് സാനിയയെ പരിചയപ്പെടുത്തി. ഹെലികോപ്റ്ററിന്റെ ഓരോ കാര്യവും പൈലറ്റ് വിശദീകരിച്ചു. ഹെലികോപ്റ്ററിലും കയറ്റി. ഭാവിയിൽ പൈലറ്റാകുമെന്നും എന്തുസഹായം വേണമെങ്കിലും ബന്ധപ്പെടണമെന്നും രാഹുൽ സാനിയയോട്‌ പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഹെലികോപ്റ്ററിനടുത്തുനിന്ന് ഫോട്ടോയുമെടുത്താണ് സാനിയ മടങ്ങിയത്. എടപ്പെട്ടിയിലെ ജ്യോതിഷ്-സ്മിത ദമ്പതിമാരുടെ ഏകമകളായ സാനിയ എസ്‌.കെ.എം.ജെ. എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനിയാണ്. ഞായറാഴ്ച തിരുനെല്ലിക്ഷേത്രത്തിൽ ദർശനവും നടത്തി.

Content Highlights: Rahul Gandhi rides auto to campaign venue