ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് നേരിട്ട് ഒരാളെ തിരഞ്ഞെടുക്കാന്‍ അവസരം കിട്ടിയാല്‍ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഭൂരിപക്ഷം പേരും ചൂണ്ടിക്കാട്ടുന്നത് രാഹുല്‍ ഗാന്ധിയെ ആണെന്ന് സര്‍വേ. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഐഎഎന്‍എസ്‌-സിവോട്ടര്‍ നടത്തിയ സര്‍വേയിലാണ് ഇങ്ങനെ പറയുന്നത്.

രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദി എന്നിവരില്‍ ആരെയാണ്‌ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്?, ഇതായിരുന്നു ചോദ്യം. സര്‍വേയില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള 57.92 ശതമാനം പേരും രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കുമെന്ന ഉത്തരമാണ് നല്‍കിയത്. തമിഴ്‌നാട്ടില്‍ 43.46 ശതമാനം പേരും രാഹുലിനെ തിരഞ്ഞെടുത്തു.

അതേ സമയം നരേന്ദ്ര മോദിയെ കേരളത്തില്‍ നിന്നുള്ള 36.19 ശതമാനമാണ് അനുകൂലിച്ചത്. തമിഴ്‌നാട്ടില്‍ 28.1 ശതമാനം പേര്‍ മോദിയെ പിന്തുണച്ചു. 

എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു രണ്ടു സംസ്ഥാനങ്ങളില്‍ കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും മോദിയാണ് മുന്നില്‍. പശ്ചിമബംഗാളില്‍ 54.13 %, അസമില്‍ 47.8%, പുതുച്ചേരിയില്‍ 45.54 ശതമാനം പേരും നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.

Content Highlights: Rahul Gandhi preferred as Prime Minister in Kerala and Tamil Nadu-Survey