തിരുവനന്തപുരം : പരസ്യപ്രചാരണം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും റോഡ് ഷോകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോഴിക്കോടും നേമം മണ്ഡലത്തിലുമാണ് ഇന്ന് റോഡ്ഷോയിൽ പങ്കെടുത്തത്. ഹെലിക്കോപ്റ്ററില്‍ എത്തിയ രാഹുല്‍ ഹെലിപ്പാഡില്‍ നിന്ന് ഓട്ടോയില്‍ വേദിയിലേക്ക് വന്നത് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി.

കോഴിക്കോട് റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തിയത്. കേന്ദ്ര  സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ഗാന്ധി ആര്‍.എസ്.എസും ബി.ജെ.പിയും കേരളത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. കേരളത്തിന്റെ ഭാവി തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണ്. നേമത്ത് കെ. മുരളീധരന്‍ മികച്ച വിജയം നേടുമെന്നും രാഹുല്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം എന്നീ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളും വേദിയിലുണ്ടായിരുന്നു. നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍, ശശി തരൂര്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു.

Content Highlights: Rahul Gandhi in Nemam UDF convention