ഇരിട്ടി: ചുറ്റും കൂടിനിന്നവർക്കിടയിലൂടെ നുഴഞ്ഞുകയറി ഹോട്ടലിന്റെ ജനൽപ്പാളിക്കിടയിലൂടെ രാഹുൽ അങ്കിളിനെ ഒരു നോക്ക് കണ്ടപ്പോൾ ഏഴു വയസ്സുകാരൻ അദ്വൈത് ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. അങ്കിൾ തന്നെയും കുടുംബത്തെയും കോഴിക്കോട് വിമാനത്താവളത്തിലേക്ക് ക്ഷണിച്ചതും വിമാനത്തിൽ കയറിയതും യന്ത്രഭാഗങ്ങൾ പരിചയപ്പെട്ടതും എല്ലാം ഒരു സ്വപ്നം പോലെ. കഴിഞ്ഞ ദിവസം ഇരിട്ടിയിൽ റോഡ് ഷോയ്ക്കിടെ രാഹുൽ ഗാന്ധി അടുത്തുവിളിച്ച് പരിചയപ്പെട്ട മൂന്നാംക്ലാസുകാരൻ അദ്വൈതാണ് ഇപ്പോൾ നാട്ടിലെ ലിറ്റിൽ സ്റ്റാർ. രാഹുലിനെ അമ്പരപ്പിച്ച് ചോദ്യങ്ങൾക്ക് ഹിന്ദിയിൽ ഉത്തരംനൽകിയ കൊച്ചു മിടുക്കനെ രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇപ്പോൾ ലോകമറിയും.

ഇരിട്ടിയിൽ സണ്ണി ജോസഫിന്റെ പ്രചാരണത്തിനെത്തിയ രാഹുൽഗാന്ധി തിരിച്ചുപോകുമ്പോൾ കീഴൂർ കുന്നിലെ ‘അപ്‌സര കഫെ -1980’ എന്ന ചായക്കടയിൽ കയറി. ഇതിനിടെ ജനൽപ്പാളികൾക്കിടയിലൂടെ എത്തിനോക്കി കൈവിശീയ കുട്ടിയെ രാഹുൽ അടുത്തേക്ക് വിളിച്ചു. അടുത്തിരുത്തി ഫലൂദ നൽകി. രാഹുലിന്റെ ചോദ്യങ്ങൾക്ക് ഹിന്ദിയിലുള്ള മറുപടി. എന്താകാനാണ് ആഗ്രമെന്ന ചോദ്യം. പൈലറ്റാകാനാണെന്ന അദ്വൈതിന്റെ മറുപടി. സ്മാർട്ട് ബോയ് എന്നുപറഞ്ഞ് ചേർത്തുനിർത്തി ഫോട്ടോയും എടുത്തു. കുട്ടിയുടെ കുടുംബക്കാരുടെ ഫോൺ നമ്പർ വാങ്ങിക്കാൻ കൂടെ ഉണ്ടായിരുന്ന സണ്ണി ജോസഫിനോട് രാഹുൽ ആവശ്യപ്പെട്ടു. അപ്പോഴെക്കും അച്ഛന്റെ കൂടെയെത്തിയ അദ്വൈത് സ്ഥലംവിട്ടിരുന്നു. ആരാണ് ആ കൂട്ടി എന്നതിൽ ആർക്കും ഒരു പിടിയും ഉണ്ടായിരുന്നില്ല. ഞായറാഴ്ച രാഹുലിന്റെ മനംകവർന്ന ആറു വയസ്സുകാരൻ ആര് എന്ന ‘മാതൃഭൂമി’ വാർത്തയാണ് അദ്വൈതിനെ വീണ്ടും രാഹുലിനൊപ്പം എത്തിച്ചത്.

ഫോൺ നമ്പർ ലഭിച്ചതോടെ രാഹുലിന്റെ വിളിയും എത്തി. രണ്ടുമണിയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്താൻ പറഞ്ഞു. എത്തിയപ്പോൾ ജീവനക്കാർ ഉള്ളിലേക്ക് കൂട്ടികൊണ്ടുപോയി. നേരെ വിമാനത്തിനുള്ളിലേക്ക്. പൈലറ്റിന്റെ സീറ്റിലിരുത്തി വനിതാ പൈലറ്റ് വിമാനത്തിന്റെ യന്ത്രഭാഗങ്ങളും മറ്റും പരിചയപ്പെടുത്തി. അല്പസമയത്തിനുള്ളിൽ രാഹുൽ ഗാന്ധിയുമെത്തി വിമാനത്തിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു.

അദ്വൈതിനെയും കുടുംബത്തെയും രാഹുലിന്റെ ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചു. അദ്വൈതിന്റെ അച്ഛൻ അധ്യാപകനായ പി. സുരേഷ്‌കുമാറിനും കണ്ണൂർ സർവകലാശാല ജീവനക്കാരിയായ അമ്മ സുവർണയ്ക്കും പോളിങ് ഡ്യൂട്ടി ഉള്ളതിനാൽ അസൗകര്യം അറിയിച്ചു. മിലറ്ററിയിൽ ഉന്നതസ്ഥാനം വഹിച്ച മുത്തച്ഛൻ പി. ചന്തുവിൽനിന്നാണ് അദ്വൈത് ഹിന്ദി പഠിച്ചത്. കീഴൂരിലെ എസ്.ഡി.എ. പബ്ലിക് സ്കൂൾ വിദ്യാർഥിയാണ് അദ്വൈത്.