തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെതിരേ കെപിസിസി ആസ്ഥാനത്തും തിരുവനന്തപുരം നഗരത്തിലെ മറ്റിടങ്ങളിലും പോസ്റ്ററുകള്‍. ജോസഫ് വാഴക്കനെ മൂവാറ്റുപുഴയില്‍ മത്സരിപ്പിക്കുന്നതിനെതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല എന്നാണ് ഇംഗ്ലീഷിലുള്ള പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. 'സേവ് കോണ്‍ഗ്രസ്, സേവ് മൂവാറ്റുപുഴ' തുടങ്ങിയ വാചകങ്ങളും പോസ്റ്ററിലുണ്ട്. 

നേരത്തെ മൂവാറ്റുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കി ചങ്ങനാശ്ശേരി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇതിനെതിരേ ജോസഫ് വാഴക്കന്‍ ഉള്‍പ്പെടെ പരസ്യമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് ജോസഫ് വാഴക്കനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

അതിനിടെ, കോന്നിയില്‍ അടൂര്‍ പ്രകാശ്, റോബിന്‍ പീറ്റര്‍ എന്നിവര്‍ക്കെതിരേ പോസ്റ്റര്‍ പതിച്ചവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാത്രി കാറിലെത്തിയ ഒരു സംഘം പോസ്റ്റര്‍ പതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ പോസ്റ്റര്‍ ഒട്ടിച്ചതിന് പിന്നില്‍ സി.പി.എമ്മാണെന്നാണ് ഡി.സി.സി. പ്രസിഡന്റ് ബാബു ജോര്‍ജിന്റെ പ്രതികരണം. 

Content Highlights: posters against congress leader joseph vazhakkan