തിരുവനന്തപുരം:  കെ.കെ ശൈലജയ ഒഴിവാക്കി ഞെട്ടിച്ച സിപിഎം മന്ത്രിമാരുടെ വകുപ്പ് നിര്‍ണയത്തിലും ചില സര്‍പ്രൈസുകള്‍ കാത്തുവച്ചു. കേന്ദ്രകമ്മിറ്റി അംഗവും പാര്‍ട്ടിയുടെ പുതുമുഖമല്ലാത്ത ഏക മന്ത്രിയായ കെ രാധാകൃഷ്ണന് ദേവസ്വം നല്‍കി എന്നതാണ് വകുപ്പ് നിര്‍ണയത്തിലെ ഹൈലൈറ്റ്. പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഒരാള്‍ ദേവസ്വം വകുപ്പിലേക്ക് എത്തുന്നത് ഇതാദ്യം. മറ്റൊരു ഹൈലൈറ്റ് പി.എ മുഹമ്മദ് റിയാസിന് പൊതുമരാമത്ത് വകുപ്പ് ലഭിച്ചതാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ സീനിയറായ ജി സുധാകരന്‍ കൈകാര്യം ചെയ്ത വകുപ്പാണ് ഇത്തവണ താരതമ്യേന ജൂനിയറായ റിയാസിന് ലഭിക്കുന്നത്.

പ്രതീക്ഷിച്ചത് പോലെ ഉന്നത വിദ്യാഭ്യാസം ആര്‍ ബിന്ദുവിന് നല്‍കിയപ്പോള്‍ തീര്‍ത്തും അപ്രതീക്ഷിതമായി പൊതുവിദ്യാഭ്യാസ നേമത്തെ ബിജെപിയെ തറപറ്റിച്ച് ജയിച്ചുകയറിയ വി.ശിവന്‍കുട്ടിക്ക് നല്‍കി. ആലപ്പുഴ ജില്ലയുടെ പ്രതിനിധിയായ സജി ചെറിയാനാണ് ഫിഷറീസ് സാംസ്‌കാരിക വകുപ്പുകളുടെ ചുമതല നല്‍കിയത്. സിപിഎം കൈവശം വച്ചിരുന്ന പ്രധാന വകുപ്പില്‍ ഒന്നായ വൈദ്യുതി വകുപ്പ് ഘടകകക്ഷിക്ക് വിട്ടുനല്‍കിയതാണ് മറ്റൊരു പ്രത്യേകത. ജെഡിഎസിന്റെ കെ കൃഷ്ണന്‍കുട്ടിയാണ് വൈദ്യുതി മന്ത്രി. ജലവിഭവ വകുപ്പ് മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവച്ചത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തിന് കൂടുതല്‍ പ്രധാനമുള്ള വകുപ്പ് ഇത്തവണ സിപിഎം നല്‍കുന്നത്.

കടന്നപ്പള്ളി കഴിഞ്ഞ മന്ത്രിസഭയില്‍ കൈകാര്യം ചെയ്ത വകുപ്പുകളായ തുറമുഖവും ടൂറിസവും അടക്കം ഇത്തവണ പുതിയ ഘടകകക്ഷിയായ അഹമ്മദ് ദേവര്‍കോവിലിന് നല്‍കി. കെ.ടി ജലീല്‍ കൈകാര്യം ചെയ്ത ന്യൂനപക്ഷ ക്ഷേമം ഇത്തവണ അദ്ദേഹത്തിന് പകരം മന്ത്രിസഭയില്‍ എത്തുന്ന വി അബ്ദുറഹ്‌മാന് നല്‍കി. പ്രവാസി കാര്യവും അബ്ദുറഹ്‌മാന് തന്നെയാണ്. പ്രധാന വകുപ്പുകളായ ധനകാര്യം കെ.എന്‍ ബാലഗോപാലിനും തദ്ദേശ സ്വയംഭരണം എം.വി ഗോവിന്ദനും നല്‍കിയപ്പോള്‍ പി രാജീവിനാണ് വ്യവസായം നല്‍കിയത്.