തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ കെ.കെ.ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാവും. കെ.എന്‍.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനുമായിരിക്കും. 

യുവാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കിക്കൊണ്ട് സുപ്രധാനമായ ചുവടുവെയ്പ്പാണ് രണ്ടാമൂഴത്തില്‍ സിപിഎം സ്വീകരിച്ചിരിക്കുന്നത്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ച സിപിഎം വകുപ്പുകള്‍ വിഭജിക്കുന്നതിലും സ്വീകരിച്ചത് ധീരമായ നിലപാടുകളാണ്. 

ഘടകക്ഷികള്‍ക്ക് വകുപ്പ് വിഭജനം നടത്തിയതിലും സൂക്ഷമത പുലര്‍ത്തിയിട്ടുണ്ട്. ഒറ്റ എം.എൽഎമാർ മാത്രമുള്ള ഘടകകക്ഷികള്‍ക്ക് രണ്ടരവര്‍ഷം മാത്രമാണ് മന്ത്രിസ്ഥാനത്ത് തുടരാനാകുക. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ അടുത്ത ഘടകക്ഷിക്ക് പദവി വിട്ടുനല്‍കേണ്ടതായി വരും. വകുപ്പിന്റെ തുടര്‍ച്ച കൂടി ആരായിരിക്കണമെന്ന കൃത്യമായ കണക്കുകൂട്ടലുകളോടെയാണ് ഘടകകക്ഷികള്‍ക്ക് വകുപ്പ് വിഭജനം നടത്തിയിരിക്കുന്നത്. 

ഇതില്‍ എടുത്തുപറയേണ്ടത് ആന്റണി രാജുവിന്റെ വകുപ്പാണ്. ആന്റണി രാജുവിന് ഗതാഗതമാണ് നല്‍കിയിരിക്കുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ഈ വകുപ്പിന്റെ പുതിയ മന്ത്രിയായി ഗണേഷ്‌കുമാര്‍ അധികാരത്തിലെത്തും. അഹമ്മദ് ദേവര്‍കോവിലിന് കൊടുത്തിരിക്കുന്നത് തുറമുഖവും മ്യൂസിയവുമാണ്. കഴിഞ്ഞ തവണ കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു ഈ വകുപ്പുകളുടെ ചുമതല. അഹമ്മദ് ദേവര്‍കോവിലിന്റഎ രണ്ടരവര്‍ഷം പൂര്‍ത്തിയായാല്‍ അടുത്ത രണ്ടരവര്‍ഷം ഈ വകുപ്പുകള്‍ കടന്നപ്പള്ളിക്ക് തന്നെ ലഭിക്കും. മറ്റുമന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്താതെ തന്നെ മന്ത്രിസഭാ പുനഃസംഘടന നടത്താന്‍ ഇതിലൂടെ ഇടത് സര്‍ക്കാരിന് സാധിക്കും. 

 കഴിഞ്ഞ മന്ത്രിസഭയില്‍ എം.എം. മണിയുടെ കയ്യിലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറിയതാണ് സുപ്രധാനമായ മറ്റൊരു മാറ്റം. പ്രധാന വകുപ്പായ ദേവസ്വം മുതിര്‍ന്ന നേതാവ് കെ. രാധാകൃഷ്ണന് നല്‍കിയും ചരിത്രപരമായ തീരുമാനമാണ്. 

ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമതീരുമാനമായത്. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്.

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി

കെ.എന്‍. ബാലഗോപാല്‍- ധനകാര്യം

വീണ ജോര്‍ജ്- ആരോഗ്യം 

പി. രാജീവ്- വ്യവസായം 

കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം

വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം, തൊഴില്‍

എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ

കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി

ആന്റണി രാജു- ഗതാഗതം

എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്‌

റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്

അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം

വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ.രാജന്‍- റവന്യു

പി.പ്രസാദ്- കൃഷി

ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്

Content Highlights: Portfolio of new state ministers