ന്യൂഡല്‍ഹി: കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി അന്തിമമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച യോഗം ചേര്‍ന്നു. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്,  അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ്. 

സുരക്ഷാ സേനയെ വിന്യസിക്കല്‍, സൗകര്യങ്ങളൊരുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കമ്മീഷന്‍ ചര്‍ച്ച ചെയ്തു. മാര്‍ച്ച് ആദ്യ ആഴ്ചയില്‍ തന്നെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. 

പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുദീപ് ജയിന്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ജയിന്‍ വെള്ളിയാഴ്ച കൊല്‍ക്കത്തയിലെത്തുന്നുണ്ട്.

ജില്ലാ മജിസ്‌ട്രേറ്റുമാരുമായും പോലീസ് ഓഫീസര്‍മാരുമായും സന്ദര്‍ശനത്തില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തും. ജില്ലാ ഭരണകൂടവുമായി നടത്തുന്ന ചര്‍ച്ചയില്‍ കേന്ദ്ര സേന വിന്യാസം സംബന്ധിച്ച് ധാരണയാകും. ബംഗാളില്‍ നിന്ന് ജയിന്‍ തിരിച്ചെത്തിയ ശേഷമാകും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

പശ്ചിമ ബംഗാളില്‍ ആറ് മുതല്‍ എട്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. അസമില്‍ രണ്ടോ മൂന്നോ ഘട്ടങ്ങളിലായിട്ടാകും തിരഞ്ഞെടുപ്പ്. എല്ലാ സംസ്ഥാനങ്ങളിലേയും ഫല പ്രഖ്യാപനം ഒരേ ദിവസമാകും. 

പശ്ചിമബംഗാളിലെ 6400 ബൂത്തുകള്‍ പ്രശ്‌നബാധിതമായിട്ടാണ് കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇത്. പോളിങ് സ്‌റ്റേഷനുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും.

Content Highlights: Poll dates for Bengal, Assam, Tamil Nadu, Kerala and Puducherry likely in March first week