പാലക്കാട്:   ഭാര്യയുടെ പേര് സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റിന്റെ സാധ്യത പട്ടികയില്‍ ഇടംനേടിയെന്നും ഇതിനെതിരേ എതിര്‍പ്പുയര്‍ന്നുമെന്ന വാര്‍ത്തക്കെതിരേ മന്ത്രി എ.കെ. ബാലന്‍. ഇത്തരം വാര്‍ത്തകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ഒരു കേന്ദ്രത്തില്‍നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 

'ഒരു സ്‌ക്രിപ്റ്റ് ഒരു കേന്ദ്രത്തില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടി. അതുവെച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. അതിനെക്കുറിച്ച് അറിയാന്‍ പറ്റാത്ത ആളാണ് എ.കെ. ബാലന്‍ എന്ന് നിങ്ങള്‍ വിചാരിക്കേണ്ട. അങ്ങനെയുള്ള ഒരു ചര്‍ച്ചയും അവിടെ നടന്നിട്ടില്ല. ചര്‍ച്ചയില്‍ ആരുടെയെല്ലാം പേരുവന്നു എന്ന് നിങ്ങളോട് പറയേണ്ട ആവശ്യമില്ല. ചര്‍ച്ചയുടെ ഉള്ളടക്കം ഇപ്പോള്‍ പങ്കുവെയ്ക്കാനും ഉദ്ദേശ്യമില്ല. ആരുടെയെല്ലാം പേരുവന്നു എന്ന് എന്നെക്കൊണ്ട് പറയിപ്പിക്കുകയാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ അത് നടക്കില്ല'- എ.കെ. ബാലന്‍ പറഞ്ഞു. 

കഴിഞ്ഞദിവസം നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിലാണ് എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയുടെ പേരും സാധ്യതപട്ടികയിലിടം നേടിയത്. തരൂര്‍ മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടികയിലാണ് ജമീലയുടെ പേരും ഉണ്ടായിരുന്നത്. എന്നാല്‍ ജമീലയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ജില്ലാ സെക്രട്ടേറിയേറ്റില്‍ എതിര്‍പ്പുയര്‍ന്നതായാണ് വിവരം. പി.കെ. ശശി, എം.ബി. രാജേഷ്, സി.കെ. ചാത്തുണ്ണി, വി.കെ. ചന്ദ്രന്‍, വി. ചെന്താമരാക്ഷന്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ ജമീലയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തെന്നായിരുന്നു റിപ്പോര്‍ട്ട്‌.

ഡോ. പി.കെ. ജമീല റിട്ട. ആരോഗ്യവകുപ്പ് ഡയറക്ടറാണ്. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും രാജ്യസഭാംഗവുമായിരുന്ന പി.കെ. കുഞ്ഞച്ചന്റെ മകളാണ്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡോക്ടറായും ജില്ലാ മെഡിക്കല്‍ ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്ന അവര്‍ നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ 'ആര്‍ദ്രം' പദ്ധതിക്ക് നേതൃത്വംനല്‍കുന്നു.

Content Highlights: pk jameela's name in cpm palakkad candidate list minister ak balan denies media reports