കോഴിക്കോട്: ഇടതുമുന്നണിയുടെ രണ്ടാംമന്ത്രിസഭയില്‍ പ്രാതിനിധ്യത്തിനായി ഒറ്റ അംഗം മാത്രമുള്ള ഘടകകക്ഷികളെല്ലാം സമ്മര്‍ദം ചെലുത്തുകയാണ്. ആറുപേരാണ് വിവിധ ഘടകകക്ഷികളെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിരിക്കുന്നത്. സി.പി.എം. സ്വതന്ത്രരായും മൂന്നുപേരുണ്ട്.

ഒട്ടും സമ്മര്‍ദമില്ലാതെ മന്ത്രിസഭാരൂപവത്കരണം നടത്താനുള്ള അംഗബലം സി.പി.എമ്മിനും രണ്ടാംകക്ഷിയായ സി.പി.ഐ.യും ചേര്‍ന്നാലുണ്ട്. എന്നാല്‍ മുന്നണിയിലെ ഇതര ജനാധിപത്യ പാര്‍ട്ടികളെകൂടി ഉള്‍ക്കൊള്ളിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. ഇത്തരത്തില്‍ പ്രാതിനിധ്യം നല്‍കണമെങ്കില്‍ മന്ത്രിമാരുടെ എണ്ണത്തില്‍ ഇരുകക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. മന്ത്രിസഭാ രൂപവത്കരണത്തിന് ഘടകകക്ഷികളുമായി സി.പി.എം. നേതൃത്വത്തിന്റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ഒറ്റയാള്‍ കക്ഷികള്‍ക്ക് പ്രാതിനിധ്യം നല്‍കേണ്ടതില്ലെന്ന അഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മനസ്സ് തുറന്നിട്ടില്ല. മൂന്ന് മുന്‍മന്ത്രിമാരും ഒറ്റയാന്മാരുടെ കൂട്ടത്തിലുണ്ട്. കടന്നപ്പള്ളി രാമചന്ദ്രന്‍ (കോണ്‍.എസ്.), കെ.പി. മോഹനന്‍ (എല്‍.ജെ.ഡി.), കെ.ബി. ഗണേഷ് കുമാര്‍ (കേരള കോണ്‍-ബി), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍.), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍.), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍.എസ്.പി. ലെനിനിസ്റ്റ്) എന്നിവരാണ് ഒറ്റ അംഗം മാത്രമുള്ള കക്ഷികളുടെ പ്രതിനിധികള്‍.

മുഴുവന്‍സമയ മന്ത്രിപദം ഇല്ലെങ്കില്‍ ഓരോ കക്ഷിക്കും ഊഴമിട്ട് രണ്ടര വര്‍ഷംവീതം മന്ത്രിസ്ഥാനം നല്‍കുക എന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. അങ്ങിനെയെങ്കില്‍ ഒരേസമയം മൂന്നുകക്ഷികള്‍ക്ക് പ്രാതിനിധ്യം നല്‍കാനാവും. അടുത്തടേമില്‍ അടുത്ത മൂന്ന് കക്ഷികള്‍ക്കും നല്‍കാനാവും എന്നതാണ് പരിഹാരനിര്‍ദേശവും വിട്ടുവീഴ്ചയുമായി ചിലര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ സാധ്യത സംബന്ധിച്ച സൂചനയൊന്നും സി.പി.എം. നല്‍കിയിട്ടില്ല.

 

Content Highlights:Pinarayi Vijayan Ministry, Kerala Assembly Election Result 2021