തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. ഗവര്‍ണര്‍ രാജി സ്വീകരിച്ചു. 

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മന്ത്രിസഭായോഗത്തിന് ശേഷമാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. 

ഗവര്‍ണര്‍ രാജിക്കത്ത് അംഗീകരിക്കുന്നതോടെ നിലവിലെ മന്ത്രിസഭയെ കാവല്‍മന്ത്രിസഭയായി തുടരാന്‍ അനുവദിക്കുന്നതാണ് ചട്ടം. വിജയികളെ വിജ്ഞാപനം ചെയ്ത് പുതിയ നിയമസഭ രൂപവത്കരിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അത് ചൊവ്വാഴ്ചയോടെയുണ്ടാവും.

എല്‍.ഡി.എഫ്. മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഗവര്‍ണറെ അറിയിക്കുന്നതോടെ മന്ത്രിസഭാ രൂപവത്കരണത്തിന് അദ്ദേഹം ക്ഷണിക്കും. ബുധനാഴ്ച മുതല്‍ ഒമ്പതാം തീയതിവരെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ പത്തിന് സത്യപ്രതിജ്ഞ നടക്കാനാണ് കൂടുതല്‍ സാധ്യത.