തിരുവനന്തപുരം: ഒറ്റ അംഗ കക്ഷികള്‍ക്ക് മന്ത്രിസ്ഥാനമുണ്ടാകില്ലെന്ന ധാരണ മുന്നേക്കൂട്ടി ഉറപ്പിച്ച് ഇടതുമുന്നണി ഘടകകക്ഷികളില്‍ അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങി. സി.പി.ഐ., കേരളകോണ്‍ഗ്രസ് (എം), ജനതാദള്‍(എസ്), എന്‍.സി.പി. എന്നീ കക്ഷികള്‍ക്കാണ് സി.പി.എമ്മിന് പുറമെ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിക്കാനിടയുള്ളത്.ഏക അംഗമുള്ള കക്ഷികള്‍ക്ക് മന്ത്രിപദവിയില്ലെങ്കില്‍ നിലവില്‍ മന്ത്രിസ്ഥാനത്തുണ്ടായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി പുറത്താകും.

സി.പി.ഐ.-മന്ത്രിമാര്‍ 04

സി.പി.ഐ.യ്ക്ക് നിലവിലെ നാല് മന്ത്രിസ്ഥാനമെന്ന കണക്കില്‍ കുറവുണ്ടാകില്ലെന്ന് ഉറപ്പാണ്. നാല് മന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നീ ക്യാബിനറ്റ് പദവികളാണ് നിലവില്‍ സി.പി.ഐ.ക്കുണ്ടായിരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാണിച്ച കണിശത മന്ത്രിമാരെ നിശ്ചയിക്കുന്നതിലും സംസ്ഥാന എക്സിക്യൂട്ടീവ് സ്വീകരിക്കുമോയെന്ന ആകാംഷയാണ് സി.പി.ഐ. അംഗങ്ങള്‍ക്കിടയിലുള്ളത്. മൂന്നുതവണ മത്സരിച്ചവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയിരുന്നില്ല.

മന്ത്രിപദവിയും ആവര്‍ത്തിച്ചുവഹിക്കേണ്ടതില്ലെന്ന് കഴിഞ്ഞ സര്‍ക്കാര്‍ രൂപവത്കരണ ഘട്ടത്തില്‍ സി.പി.ഐ. സ്വീകരിച്ചിരുന്നു. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരായിരുന്ന സി.ദിവാകരനും മുല്ലക്കര രത്നാകരനും പിണറായി സര്‍ക്കാരില്‍ അംഗമാകാതെ പോയത് ഈ നിബന്ധനകൊണ്ടാണ്.

രണ്ടാംതവണയും മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന മാനദണ്ഡം ഇത്തവണയും പാലിച്ചാല്‍ ഇ.ചന്ദ്രശേഖന് തടസ്സമാകും. ഡെപ്യൂട്ടി സ്പീക്കറായിരുന്ന വി.ശശിയും ചീഫ് വിപ്പായിരുന്ന കെ.രാജനും പുതിയ സഭയിലുണ്ട്. ഇരുവരും കാബിനറ്റ് പദവിയിലായിരുന്നു. കാബിനറ്റ് പദവിയാണ് മാനദണ്ഡമാക്കുന്നതില്‍ ചന്ദ്രശേഖരനുള്ള വിലക്ക് ഇവര്‍ക്കുമുണ്ടാകും. ഇതില്‍ കെ.രാജന്‍ അവസാന രണ്ടുവര്‍ഷം മാത്രമാണ് ചീഫ് വിപ്പ് പദവി വഹിച്ചത്. അതിനാല്‍, മാനദണ്ഡം പാലിക്കാനാണ് സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കുന്നതെങ്കിലും അദ്ദേഹത്തിന് ഇളുവുലഭിക്കാനിടയുണ്ട്.

ഇ.ചന്ദ്രശേഖരന്‍, പി.പ്രസാദ്, കെ.രാജന്‍, പി.എസ്.സുപാല്‍ എന്നിവരാണ് സി.പി.ഐ.യില്‍നിന്ന് മന്ത്രിമാരാകാനുള്ള സാധ്യത കല്‍പിക്കുന്നവരില്‍ ആദ്യഗണത്തിലുള്ളത്. ചന്ദ്രശേഖരന്‍ മന്ത്രിയാകുന്നില്ലെങ്കില്‍ ചിറ്റയം ഗോപകുമാര്‍, ഇ.കെ.വിജയന്‍ എന്നിവരിലൊരാള്‍ക്ക് നറുക്ക് വീഴും. ഇരുവരും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും മൂന്നാംതവണ നിയമസഭാംഗങ്ങളാകുന്നവരുമാണ്. മലബാര്‍ മേഖലയില്‍ സി.പി.ഐ.ക്ക് വേറെ മന്ത്രിമാരുണ്ടാകില്ലെന്നതാണ് വിജയന് ഗുണമാകുന്നത്.

വനിതാപ്രാതിനിധ്യം വേണമെന്ന തീരുമാനമുണ്ടായാല്‍ കെ.ചിഞ്ചുറാണിക്കാണ് സാധ്യത. ദേശീയ കൗണ്‍സില്‍ അംഗമാണ് ചിഞ്ചുറാണി. ആദ്യമായാണ് അവര്‍ നിയമസഭാംഗമാകുന്നത്. രണ്ടാംതവണ നിയമസഭയിലെത്തുന്ന സി.കെ.ആശയാണ് മറ്റൊരുവനിത അംഗം. ചിഞ്ചുറാണി മന്ത്രിയാകുന്നുണ്ടെങ്കില്‍ പി.എസ്. സുപാലിനുള്ള സാധ്യത മങ്ങും. രണ്ടുപേരും കൊല്ലം ജില്ലയില്‍നിന്നുള്ളതാണ് എന്നതാണ് കാരണം.

  • സാധ്യത-ഇ.ചന്ദ്രശേഖരന്‍, പി.പ്രസാദ്, കെ.രാജന്‍, പി.എസ്.സുപാല്‍
  • ചന്ദ്രശേഖരനില്ലെങ്കില്‍ ചിറ്റയമോ ഇ.കെ.വിജയനോ
  • വനിതാ പ്രാതിനിധ്യമുണ്ടായാല്‍ ചിഞ്ചുറാണി

കേരള കോണ്‍ഗ്രസ് എം-02

  • സാധ്യത-റോഷി അഗസ്റ്റിന്‍, എന്‍.ജയരാജ്
  • ഒരു കാബിനറ്റ് റാങ്ക് പദവികൂടിയെന്നും സൂചനകള്‍
  • ജോസ് കെ.മാണിക്കും പദവി ലഭിച്ചേക്കും

രണ്ടുമന്ത്രിസ്ഥാനം വേണമെന്നതാണ് കേരളകോണ്‍ഗ്രസിന് അവകാശവാദം. ഇത് സി.പി.എം. അംഗീകരിക്കാനിടയുണ്ട്. കേരളകോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തില്‍ സി.പി.എം. പുലര്‍ത്തിയ വിശ്വാസവും പ്രതീക്ഷയും ചെറുതല്ല. ക്രൈസ്തവ മേഖലകളില്‍ എല്‍.ഡി.എഫിന് വേരോട്ടമുണ്ടാക്കാന്‍ അത് ഗുണം ചെയ്തിട്ടുമുണ്ട്. ആ പരിഗണന എന്തായാലും കേരളകോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഉറപ്പാണ്. രണ്ടുമന്ത്രിസ്ഥാനം ലഭിച്ചാല്‍ റോഷി അഗസ്റ്റിനും ഡോ.എന്‍.ജയരാജുമായിക്കും മന്ത്രിമാര്‍. അതില്‍ പാര്‍ട്ടിക്കുള്ളിലും തര്‍ക്കങ്ങളില്ല. അഞ്ച് അംഗങ്ങളാണ് കേരളകോണ്‍ഗ്രസിനുള്ളത്. പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ.മാണി തോറ്റുവെന്നതാണ് വലിയ ആഘാതമായി അവര്‍ കാണുന്നത്. കേരള കോണ്‍ഗ്രസിന് ഒരു കാബിനറ്റ് റാങ്കുള്ള പദവികൂടി നല്‍കുമെന്നും സൂചനകളുണ്ട്. എന്നാല്‍ രണ്ടുമന്ത്രിമാരും ഒരു കാബിനറ്റ് റാങ്കിലുള്ള സ്ഥാനവും കേരളകോണ്‍ഗ്രസിന് നല്‍കുമോയെന്ന കാര്യത്തിലും സംശയമുണ്ട്. അങ്ങനെയെങ്കില്‍ ജോസിന് കാബിനറ്റ് റാങ്ക് പദവി നല്‍കിയാല്‍ ഒരുമന്ത്രി സ്ഥാനം മാത്രമായിരിക്കും കേരളകോണ്‍ഗ്രസിനുണ്ടാകുക. കാബിനറ്റ് പദവി നല്‍കിയില്ലെങ്കില്‍ ജോസ് രാജിവെച്ച ഒഴിവിലുള്ള രാജ്യസഭാ സ്ഥാനം അദ്ദേഹത്തിന് തന്നെ നല്‍കുമെന്ന് ഉറപ്പാണ്.

എന്‍.സി.പി-01

എന്‍.സി.പി., ജനതാദള്‍(എസ്) എന്നീ കക്ഷികള്‍ക്ക് ഒരോ മന്ത്രിസ്ഥാനം ലഭിക്കും. എന്‍.സി.പി.യുടെ കാര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്റെ നിലപാട് നിര്‍ണായകമാകും. എന്‍.സി.പി.യില്‍നിന്ന് എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസുമാണ് വിജയിച്ചത്. മാണി.സി.കാപ്പന്‍ പാര്‍ട്ടിയുമായി കലഹിച്ച് പുറത്തുപോയപ്പോള്‍ മുതല്‍ ശശീന്ദ്രനെതിരെ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങളുണ്ട്. അത് മന്ത്രിപദം നിശ്ചയിക്കുന്നതിലും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

മന്ത്രിസ്ഥാനം പങ്കുവെക്കുന്ന രീതി ജനതാദള്‍(എസ്) ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുതന്നെ തുടര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ മാത്യു ടി.തോമസും രണ്ടാതവണയായി കെ.കൃഷ്ണന്‍ കുട്ടിയുമാണ് പാര്‍ട്ടിയുടെ മന്ത്രിമാരായത്. അതേരീതി ഇത്തവണയും ആവര്‍ത്തിക്കുമോയെന്നതാണ് ഇനി അറിയാനുള്ളത്.