എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടി കേരളത്തില്‍ ചരിത്രമാകുമ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രിയും ഇടതുപക്ഷത്തിന്റെ നായകനുമായ പിണറായി വിജയനാണ്. ഇത്തവണ റെക്കോഡ് ഭൂരിപക്ഷത്തോടെ പിണറായി വിജയന്‍ വിജയിച്ചപ്പോള്‍ മകള്‍ വീണയുടെ ഭര്‍ത്താവും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റുമായ അഡ്വ. പി.എ. മുഹമ്മദ് റിയാസും മികവാര്‍ന്ന വിജയം സ്വന്തമാക്കി. 

ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാനുള്ള പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ മികച്ച നേതൃത്വപാടവമായിരുന്നു. നിപ്പയും പ്രളയവും കോവിഡുമെല്ലാം കേരളത്തെ ആക്രമിച്ചപ്പോള്‍ പതറാതെ നിന്ന പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് ആശ്വാസമേകി. ഇതുതന്നെയാണ് ഇത്തവണയും ക്യാപ്റ്റന്റെ വിജയത്തിന് മാറ്റ് കൂട്ടിയത്. 

ധര്‍മടത്തുനിന്നും 49,061 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ റെക്കോഡ് വിജയത്തോടെയാണ് പിണറായി വിജയന്‍ തെരെഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ 37,905 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ധര്‍മടത്തുനിന്നും ലഭിച്ചത്. മികച്ച ഭരണത്തിലൂടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ നേടിയെടുക്കാന്‍ ക്യാപ്റ്റന് സാധിച്ചു.

പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുമ്പോള്‍ അമരക്കാരനായി പിണറായി വിജയന്‍ ഉണ്ടാകുമെന്ന കാര്യമുറപ്പ്. അതോടൊപ്പം മുഹമ്മദ് റിയാസ് ഇത്തവണ ആദ്യമായി നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത് ഇരട്ടിമധുരമായി. പിണറായിയുടെ കുടുംബത്തിലേക്ക് രണ്ട് എം.എല്‍.എമാരാണ് ഈ ഇലക്ഷനിലൂടെ നടന്നുകയറുന്നത്.

ബേപ്പൂരില്‍ മത്സരിച്ച റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ തവണ മത്സരിച്ച വി.കെ.സി, മമ്മദ് കോയയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാനും റിയാസിന് സാധിച്ചു. മമ്മദ് കോയ 14,363 വോട്ടുകള്‍ക്കാണ് 2016-ല്‍ വിജയിച്ചത്. പിണറായി വിജയനും റിയാസും വലിയ ഭൂരിപക്ഷത്തോടെയാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും നിയമസഭയിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. നിയമസഭയിലേക്കുള്ള ആദ്യശ്രമത്തില്‍ തന്നെ കൂറ്റന്‍ ഭൂരിപക്ഷം നേടി കഴിവ് തെളിയിക്കാന്‍ റിയാസിന് സാധിച്ചു.

2020 ജൂണ്‍ 15-നാണ് മുഹമ്മദ് റിയാസ് പിണറായി വിജയന്റെ മകള്‍ വീണയെ ജീവിതസഖിയാക്കിയത്. ബെംഗളൂരുവില്‍ എക്‌സാലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ വീണയെ വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് റിയാസ് താലിചാര്‍ത്തിയത്. 

സ്‌കൂള്‍ കാലഘട്ടം തൊട്ട് ഇടത് രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായിരുന്ന റിയാസ് ഡി.വൈ.എഫ്.ഐയിലൂടെയാണ് മുന്‍നിര രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ആദ്യം ഡി.വൈ.എഫ്.ഐയുടെ ജോയന്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത റിയാസ് പിന്നീട് 2017 ഫെബ്രുവരിയില്‍ പ്രസ്ഥാനത്തിന്റെ ദേശീയ പ്രസിഡന്റായി സ്ഥാനമേറ്റു. നിലവില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമാണ് റിയാസ്. 

2009-ല്‍ ലോക്‌സഭ ഇലക്ഷനില്‍ കോഴിക്കോട് നിയോജകമണ്ഡലത്തില്‍ മത്സരിച്ചെങ്കിലും നിലവിലെ എം.പിയായ എം.കെ. രാഘവനോട് 833 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. മുഹമ്മദ് റിയാസ് എന്ന പേരിലുള്ള മൂന്ന് അപരന്മാര്‍ ചേര്‍ന്ന് നാലായിരത്തോളം വോട്ടുകള്‍ പിടിച്ചതും അദ്ദേഹത്തിന്റെ തോല്‍വിയ്ക്ക് വഴിവെച്ചു.  

Content Highlights: Pinarayi Vijayan and Muhammed Riyas celebrates huge win in Kerala Election 2021