തിരുവനന്തപുരം: പ്രാദേശിക എതിര്‍പ്പും തര്‍ക്കവും കാരണം മാറ്റിവെച്ച ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്നു പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം രാത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും നടത്തിയ ചര്‍ച്ചയില്‍ ഈ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ധാരണയായി. 

വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥാകും സ്ഥാനാര്‍ഥി. ആദ്യം പരിഗണിച്ച കെ.പി അനില്‍കുമാറിനും ജ്യോതി വിജയകുമാറിനുമെതിരേ മണ്ഡലത്തില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കുണ്ടറയില്‍ പി.സി. വിഷ്ണുനാഥിനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം കൊല്ലമാണ് താത്പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കൊല്ലം ബിന്ദു കൃഷ്ണയ്ക്ക് നല്‍കിയതോടെയാണ് വിഷ്ണുനാഥിനെ വട്ടിയൂര്‍ക്കാവിലേക്ക് മാറ്റാനുള്ള നീക്കമുണ്ടായത്.

പ്രാദേശികമായ എതിര്‍പ്പുണ്ടെങ്കിലും രാഹുല്‍ ഗാന്ധിക്കായി വയനാട് ലോക്സഭാ സീറ്റിലെ സ്ഥാനാര്‍ഥിത്വം ഒഴിഞ്ഞ ടി. സിദ്ദിഖിനെ കല്‍പ്പറ്റയില്‍ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. ആര്യാടന്‍ ഷൗക്കത്തിനെ പട്ടാമ്പിയിലേക്ക് മാറ്റി നിലമ്പൂരില്‍ വി.വി പ്രകാശിനെ മത്സരിപ്പിച്ചേക്കും. തവനൂരില്‍ റിയാസ് മുക്കോളിയേയും കുണ്ടറയില്‍ ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കല്ലറ രമേശിനേയും സ്ഥാനാര്‍ഥിയാക്കാനാണ് ധാരണ. 

കെ.പി.സി.സി അധ്യക്ഷനുമായുള്ള ആശയവിനിമയത്തിന് ശേഷമാകും എഐസിസി നേതൃത്വം അന്തിമ തീരുമാനമെടുത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. കോണ്‍ഗ്രസ് മത്സരിക്കുന്ന 86 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

content highlights: PC Vishnunath is likely to contest in Vattiyoorkavu constituency