കോട്ടയം: പി.സി തോമസ് എന്‍ഡിഎ വിട്ട് യുഡിഎഫില്‍ ചേരുന്നു. പിജെ ജോസഫിന്റെ കേരളാകോണ്‍ഗ്രസ് വിഭാഗവും പി.സി തോമസിന്റെ കേരളാകോണ്‍ഗ്രസ് വിഭാഗവും ഇന്ന് ലയിച്ച് ഒരുപാര്‍ട്ടിയാകും കസേര ചിഹ്നത്തിന് പകരം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കായി സൈക്കില്‍ ചിഹ്നത്തിനായി അപേക്ഷ നല്‍കും

ലയന സമ്മേളനം ഉണ്ടാകില്ല പകരം കടുത്തുരുത്തിയില്‍ ഇന്ന് നടക്കുന്ന യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി.സി തോമസ് പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സീറ്റ് നല്‍കാതെ ബിജെപി തഴഞ്ഞതിനെ തുടര്‍ന്നാണ് പി.സി തോമസ് എന്‍ഡിഎ വിട്ട് യുഡിഎഫില്‍ ചേരുന്നത്. 

കഴിഞ്ഞ പ്രാവശ്യം നാല് സീറ്റില്‍ മത്സരിച്ച കക്ഷിയാണ്. ഇത്തവണ ഒരു സീറ്റും തന്നില്ല. പാലായില്‍  മത്സരിക്കണമെന്ന് തന്നെ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ ഇത്തവണ മത്സര രംഗത്തേക്ക് പോകാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അത് തികച്ചും വ്യക്തിപരമാണ്. അതുകൊണ്ടാണോ എന്നറിയില്ല ഒരു സീറ്റ് പോലും തന്നില്ലെന്ന് പി.സി തോമസ് മാത്യൂഭൂമി ന്യൂസിനോട് പറഞ്ഞു. 

ഇന്നലെ വന്ന ഒരു കക്ഷിക്ക് വരെ സീറ്റ് കൊടുത്തിട്ടുണ്ടെന്നും പി.സി തോമസ് പറഞ്ഞു. പുതിയ പാര്‍ട്ടിയില്‍ പി.ജെ ജോസഫ് ചെയര്‍മാനും പി.സി തോമസ് വര്‍ക്കിങ് ചെയര്‍മാനാകുമെന്നാണ് സൂചന. മോന്‍സ് ജോസഫായിരിക്കും വൈസ് ചെയര്‍മാന്‍

Content Highlight; PC Thomas Quit NDA, Likely to Join UDF