പി. പ്രസാദ് എന്ന പൊതുപ്രവര്‍ത്തകന്റെ പോരാട്ടങ്ങളിലേറെയും പരിസ്ഥിതിക്ക് വേണ്ടിയായിരുന്നു. ആ പോരാട്ടങ്ങളിലൂടെ നേടിയ ഊര്‍ജ്ജമാണ് പ്രസാദിനെ മന്ത്രിപദത്തിലെത്തിച്ചത്. 

ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ നടന്ന സമരത്തിനു ആരംഭം കുറിച്ചത് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന പി. പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു. പ്ലാച്ചിമടയില്‍ നടന്ന സമരത്തിലും നേതൃപരമായ പങ്കുവഹിച്ചു. നര്‍മദ ബച്ചാവോ ആന്തോളന്‍ സമരത്തില്‍ മേധ പട്കര്‍ക്കൊപ്പം മാസങ്ങളോളം വിവിധ സംസ്ഥാനങ്ങളില്‍ പങ്കെടുത്തു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശത്തെ കരിമണല്‍ ഖനനവിരുദ്ധ സമരത്തിനു പരിസ്ഥിതിപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു. 

പാലമേല്‍ പഞ്ചായത്തില്‍ നൂറനാട് മറ്റപ്പള്ളിയില്‍ ജി. പരമേശ്വരന്‍ നായരുടെയും ഗോമതിയമ്മയുടേയും മകനാണ് പി. പ്രസാദ് (51). അച്ഛന്‍ പരമേശ്വരന്‍ നായര്‍ എഐടിയുസി നേതാവും സി.പി.ഐ. ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്നു. സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ പി. പ്രസാദ് എ.ഐ.എസ്എഫിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.

നൂറനാട് സി.ബി.എം. ഹൈസ്‌കൂള്‍, പന്തളം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. എ.ഐ.എസ്എഫ്. സംസ്ഥാന പ്രസിഡന്റ്, എ.ഐ.വൈ.എഫ്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സി.പി.ഐ. പത്തനംതിട്ട ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ ആദിവാസി മഹാസഭ ദേശിയ എക്സിക്യൂട്ടീവ് അംഗം, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 

2011-ലെ വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ജനയുഗം തിരുവനന്തപുരം യൂണിറ്റ് മാനേജരുമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ പി പ്രസാദ് മത്സരിച്ചിരുന്നുവെങ്കിലും രമേശ് ചെന്നിത്തലയോട് പരാജയപ്പെട്ടു.

ലൈനയാണ് ഭാര്യ. ഭഗത്, അരുണ, അല്‍മിത്ര എന്നിവര്‍ മക്കളാണ്.

Content Highlight: P Prasad CPI member of Pinarayi Vijayan ministry