കോഴിക്കോട്: പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തല മാറേണ്ടതില്ലെന്ന് എഐസിസി അംഗം പി.വി.ഗംഗാധരന്‍. പ്രതിപക്ഷ നേതാവ് എന്നനിലയില്‍ ചെന്നിത്തലയുടെ പ്രവര്‍ത്തനം വളരെ മികച്ചതായിരുന്നു. കൈയക്ഷരം നന്നാവാഞ്ഞാല്‍ പേനയെ കുറ്റം പറയുകയല്ല വേണ്ടതെന്നും പി.വി ഗംഗാധരന്‍ പറഞ്ഞു.

'പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കേരളത്തില്‍ യുഡിഎഫിനുണ്ടായത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഒരു വ്യക്തിക്കല്ല. പാര്‍ട്ടി സംവിധാനത്തിന് മുഴുവനുമാണ്. പലയിടത്തും നേരിയ ഭൂരിപക്ഷത്തിനാണ്‌ തോല്‍വിയുണ്ടായത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. പമ്പയിലെ മണല്‍ക്കടത്തടക്കം അദ്ദേഹം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയായിരുന്നുവെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. പലതിലും സര്‍ക്കാരിന് പിന്തിരിയേണ്ടി വന്നിട്ടുണ്ട്. ചെന്നിത്തലയെ സ്ഥാനത്ത് നിന്ന് മാറ്റരുത്' ഗംഗാധരന്‍ പറഞ്ഞു.

തമ്മില്‍ തല്ലിയും ഗ്രൂപ്പ് കളിച്ചും പാര്‍ട്ടിയെ ഇല്ലാതാക്കുന്നവരെ തിരിച്ചറിഞ്ഞ് തിരുത്തി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി. കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.