മലപ്പുറം: കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണിയില്‍ ജനം വലിയ തോതില്‍ പ്രതീക്ഷയും വിശ്വാസവും പുലര്‍ത്തുന്നു. എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചുവെന്നും വികസനം മുന്നോട്ടുപോകണമെന്നാണ്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്തെ വികസനം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ പുരോഗതിയുണ്ടാകില്ലെന്ന പഴയ ധാരണ ഇടതുസര്‍ക്കാരിന് മാറ്റാനായി. വികസന കാര്യങ്ങളില്‍ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. എവിടെ വികസനമെന്ന ചോദ്യം തന്നെ നിരാശയില്‍ നിന്നാണ്. അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനശ്രദ്ധ മാറ്റാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

കേരളം നല്ലരീതിയില്‍ മാറിയിരിക്കുന്നു. സാമൂഹികനീതിയില്‍ അധിഷ്ഠിതമായ വികസനമാണ് നടപ്പാക്കിയത്. പ്രളയം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ അവസരമാക്കി മാറ്റി നാടിന്റെ വികസനത്തിന് ഉതകുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

content highlights: opposition in deep frustration says CM Pinarayi Vijayan