തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയെ തലസ്ഥാനത്ത് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നീക്കം. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും മത്സരിപ്പിക്കാനാണ് ആലോചന. നിലവിലെ അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനെ നിര്‍ത്താനും ചര്‍ച്ചകള്‍ നടക്കുന്നു.
എന്നാല്‍ കോട്ടയും ഡിസിസിയും 'എ' ഗ്രൂപ്പ് ഇതിനെ എതിര്‍ക്കുന്നു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളി വിടേണ്ട സാഹചര്യമില്ലെന്നാണ് ഇവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ കെസിപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്നടക്കമാണ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നിര്‍ദേശം മുന്നോട്ട് വന്നത് എന്നതാണ് ശ്രദ്ധേയം. ഇത് തലസ്ഥാനത്തും തെക്കന്‍ കേരളത്തിലും പാര്‍ട്ടിക്കും മുന്നണിക്കും കൂടുതല്‍ ഉണര്‍വ് വരുമെന്നാണ് നീക്കത്തിന് പിന്നിലുള്ളവരുടെ അഭിപ്രായം. നേരത്തെ തന്നെ ഇത്തരം ആലോചനകള്‍ നടന്നിരുന്നെങ്കിലും നേതാക്കളുടെ ഡല്‍ഹി സന്ദര്‍ശനത്തോടുകൂടി ഇപ്പോഴത് വീണ്ടും സജീവമായിരിക്കുകയാണ്.
തിരുവനന്തപുരം അസംബ്ലി മണ്ഡലം നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. നേമം ബിജെപിയുടേയും വട്ടിയൂര്‍ക്കാവ് സിപിഎമ്മിന്റേയും കൈവശമാണ് ഇപ്പോഴുള്ളത്.
ഇതിനിടെ നേമത്ത് വി.എം.സുധീരനെ നിര്‍ത്തി മണ്ഡലം ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
Content Highlights: oommen chandy-thiruvananthapuram-congress