പുതുപ്പള്ളി: ശബരിമല വിഷയത്തില്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

യുഡിഎഫ് ശബരിമലയിലെ വിശ്വാസങ്ങളും ആദര്‍ശങ്ങളും നടപടികളും അംഗീകരിച്ചുകൊണ്ടുകൊടുത്ത സത്യവാങ്മൂലത്തിനെതിരേ വിശ്വാസ-ആചാര ലംഘനങ്ങള്‍ക്കെതിരായ സത്യവാങ്മൂലം കൊടുത്തത് പിണറായി വിജയനാണ്. അത് ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. അതാണ് സുപ്രീംകോടതിയില്‍ ഇപ്പോഴും നില്‍ക്കുന്നത് അത് പിന്‍വലിക്കാന്‍ പറയുമ്പോള്‍ നിഷേധാത്മക മറുപടിയാണ് പറയുന്നത്. തിരഞ്ഞെടുപ്പിനെ ഭയന്ന് ജനങ്ങളെ ഭയന്ന് ഒരു യുടേണും മുഖ്യമന്ത്രി നടത്തി. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയെ വിശ്വസിക്കില്ല. 

സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ശക്തമായ നിലപാട് കോടതിയില്‍ എടുത്തു. വിധിയെ സ്വാഗതം ചെയ്തു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യത സര്‍ക്കാരിന് ഉണ്ടെന്ന് പറഞ്ഞു. വീടുകളില്‍ ചെന്ന് സ്ത്രീകളെ കൂട്ടിക്കൊണ്ടുവന്ന് ശബരിമലയില്‍ കയറ്റി. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് വനിതാമതില്‍ വെച്ച് അതിനുളള ശ്രമങ്ങള്‍ നടത്തിയിട്ട് തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 

എന്‍എസ്എസ് എന്നും ഒരുനിലപാടാണ് ശബരിമലയുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുളളത്. ആചാര അനുഷ്ഠാനങ്ങളോടൊപ്പമാണ് നിന്നിട്ടുളളത്. അവരെപ്പോലും വിമര്‍ശിച്ച ആളാണ് മുഖ്യമന്ത്രി.എന്‍എസ്എസിന്റെ നിലപാട് വിമര്‍ശിച്ചിരുന്ന അദ്ദേഹം ഇന്ന് ആ നിലപാട് അനുകൂലിച്ച് ഒരു പ്രസ്താവന ചെയ്യുന്നത് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ടുമാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ തന്നെ ആവേശം പകരുന്നതും ശക്തിപകരുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു