തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നു. അര്‍ദ്ധരാത്രി 12 മണിയോടെ അവസാനിച്ച സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് എല്ലാ അംഗങ്ങളോടും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള എംപിമാര്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കണമെന്നും സമിതി അംഗങ്ങള്‍ക്കും പേരുകള്‍ നിര്‍ദ്ദേശിക്കാമെന്നും യോഗത്തില്‍ തീരുമാനമായി.തിരഞ്ഞെടുപ്പ് മെയ് മാസത്തിലേക്ക് നീളാനും സാധ്യതയുള്ളതിനാല്‍ സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക പോലും നേരത്തെ പുറത്തു വിടരുത് എന്ന കര്‍ശനമായ നിര്‍ദ്ദേശമാണ് അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം മാത്രം സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. അതിനുമുമ്പ് സാധ്യതാ പട്ടികയും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാക്കണം. സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ ഉണ്ടാകരുത്. പലയിടത്തും സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് എ.ഐ.സി.സി. അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള എംപിമാര്‍ക്ക് അതതു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കാം. ഒപ്പം സ്ഥാനാര്‍ത്ഥി മാനദണ്ഡങ്ങളും അവതരിപ്പിക്കാം. തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്കും ഇതേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രകടനപത്രിക നിര്‍മ്മിതിക്ക് താഴെതട്ടില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകണം.
സോഷ്യല്‍ ഗ്രൂപ്പുകളുമായി ബന്ധം ശക്തമാക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളില്‍ 26 പേരാണ് യോഗത്തില്‍ പങ്കെടുത്തത്.