പുതുപ്പള്ളി: നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച ആശയവിനിമയത്തിനും പുതുപ്പള്ളിക്കാരുടെ വികാരം മനസ്സിലാക്കുന്നതിനുമാണ് താന്‍ എത്തിയതെന്ന് ഉമ്മന്‍ചാണ്ടി. എന്നാല്‍ പ്രവര്‍ത്തകരുടെ വികാരം താന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വീടിന് മുന്നില്‍ പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

'നേമത്ത് മത്സരിക്കണമെന്ന് ദേശീയ-സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ നേമത്ത് മത്സരിക്കുന്നത് സംബന്ധിച്ച് പുതുപ്പള്ളിയിലെ ജനങ്ങളുടെ വികാരം എന്തെന്ന് മനസ്സിലാക്കണമെന്ന് എനിക്കുണ്ടായിരുന്നു. മണ്ഡലം-ബ്ലോക്ക് പ്രസിഡന്റുമാര്‍ ഇന്നിവിടെ ഉണ്ടാകണമെന്ന്‌ പറഞ്ഞത് മറ്റൊരു തെറ്റിദ്ധാരണയാണ്. അതിനെ തുടര്‍ന്നാണ്‌ ഈ ബഹളങ്ങളൊക്കെ ഉണ്ടായത്. ദേശീയ നേതൃത്വം ഇതിനകത്ത് ഇടപ്പെട്ടിട്ടേയില്ല. സംസ്ഥാന നേതൃത്വത്തിലെ ആര്‍ക്കും ഇതില്‍ ഒരു പങ്കുമില്ല' ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേ സമയം നേമം കഴിഞ്ഞ കുറേകാലമായി സജീവ ചര്‍ച്ചയാണ്. പുതുപ്പള്ളിയില്‍ മത്സരിക്കുന്നതിന് കേന്ദ്ര നേതൃത്വം ഇന്നലെ തന്നെ അംഗീകാരം നല്‍കി കഴിഞ്ഞിട്ടുണ്ട്. അതേ സമയം നേമത്തിന്റെ കാര്യത്തില്‍ ഒരു ആശയവിനിമയം നടത്തുക മാത്രമാണ് ഇന്ന് ഉദ്ദേശിച്ചിരുന്നത്. പ്രവര്‍ത്തകരുടെ വികാരം ഞാന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. 

പുതുപ്പള്ളിയെ വിട്ടുപോകുന്ന പ്രശ്‌നമേയില്ല. അതേ സമയം എല്ലാ മണ്ഡലങ്ങളിലും ഏറ്റവും ശക്തരായ സ്ഥാനാര്‍ഥികള്‍ ഉണ്ടാകണം. അതനുസരിച്ചുള്ള ആഗ്രഹം മാത്രമാണ് നേമത്തെ കുറിച്ച് നിലനില്‍ക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.