തിരുവനന്തപുരം: നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയായി. 2016-ൽ വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തി ഒ. രാജഗോപാലിലൂടെ ബി.ജെ.പി. തുറന്ന അക്കൗണ്ട് കുമ്മനം രാജശേഖരനിലൂടെ നിലനിർത്താമെന്നതിൽ പാർട്ടിക്ക്‌ തെല്ലും സംശയമുണ്ടായിരുന്നില്ല. എന്നാൽ ശിവൻകുട്ടിയിലൂടെത്തന്നെ തിരിച്ചടി നൽകി പിണറായി വിജയൻ വാക്കു പാലിച്ചു. കെ. മുരളീധരൻ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കാനെത്തിയത് വാശികൂട്ടുകയും ചെയ്തു.

2016-ലെ നിയമസഭയ്ക്കുശേഷം നടന്ന ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയെ ഒന്നാമതാക്കി നിർത്തിയ മണ്ഡലമാണ് നേമം എന്നത് എടുത്തുപറയുമ്പോഴാണ് ഇപ്പോഴത്തെ പരാജയത്തിന്റെ ആഘാതം ഇരട്ടിപ്പിക്കുന്നത്. ശിവൻകുട്ടി മണ്ഡലം തിരിച്ചെടുത്തത് 5750- ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. കഴിഞ്ഞ തവണ രാജഗോപാൽ ജയിച്ചത് 8671 വോട്ടിന്റെ ഭൂരിപക്ഷത്തിനും.

കോൺഗ്രസിന് കാര്യമായ സംഘടനാ സംവിധാനമില്ലാത്ത മണ്ഡലമാണ് നേമം. ബി.ജെ.പിക്കു കിട്ടേണ്ട ഹിന്ദുവോട്ടുകളിൽ നല്ലൊരുശതമാനം മുരളീധരന് പോയിട്ടുണ്ടാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. അതേസമയം മറ്റുവിഭാഗക്കാരുടെ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ശിവൻകുട്ടിക്ക്‌ അനുകൂലമാവുകയും ചെയ്തു. സർക്കാരിന് അനുകൂലമായ തരംഗവും കൂടിയായപ്പോൾ ശിവൻകുട്ടി വിജയംകൊയ്തു. 2016-ലെ യു.ഡി.എഫ്. വോട്ട് 13,860-ൽനിന്നു മുപ്പത്തറായിരത്തിലേറെയാക്കി എന്നതാണ് യു.ഡി.എഫിന് ഏക ആശ്വാസം.

ശക്തമായ വോട്ടുബാങ്കുണ്ടായിട്ടും നേമത്തെ തോൽവി ബി.ജെ.പി.യുടെതന്നെ വലിയപരാജയമായി കണ്ട് ജില്ലാ, സംസ്ഥാന നേതൃത്വം പ്രത്യേകമായി പഠിക്കേണ്ടിവരും.