അധികനികുതിയില്‍ നിന്നാണ് ക്ഷേമ പദ്ധതികള്‍ നടപ്പാക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അല്ലാത്ത പക്ഷം ഇതിന്റെ ഭാരം പേറേണ്ടി വരുക വരും തലമുറയായിരിക്കുമെന്നും തരൂര്‍ പറഞ്ഞു. മാതൃഭൂമി പ്രതിനിധി കെ.എ ജോണി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ഇടതു മുന്നണിയും മുന്നോട്ടുവെയ്ക്കുന്ന ഒരു സമവാക്യമുണ്ട്. കിറ്റ്, പെന്‍ഷന്‍ , സിപിഎമ്മിന്റെ സംഘടന സംവിധാനം പ്ലസ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വം. ഇതിനെ എങ്ങിനെയാണ് യുഡിഎഫും കോണ്‍ഗ്രസും നേരിടുന്നത്?

ഏതു തിരഞ്ഞെടുപ്പിലും നെഗറ്റിവ്, പോസിറ്റിവ് ഘടകങ്ങളുണ്ടാവും. താങ്കള്‍ പറഞ്ഞ കാര്യങ്ങളല്ല ഞാന്‍ ചൂണ്ടിക്കാട്ടുന്നത്. സിപിഎം നേതാക്കളുടെ ധാര്‍ഷ്ട്യം, അഹങ്കാരം , അഴിമതി, അക്രമ രാഷ്ട്രീയം എന്നിവ കാണാതിരിക്കാനാവുമോ? എങ്ങിനെയാണ് ഇങ്ങനെയൊരു സര്‍ക്കാരിന് രണ്ടാമതൊരവസരം കൂടി കൊടുക്കാന്‍ ജനങ്ങള്‍ക്കാവുക. നാളെയെക്കുറിച്ചുള്ള ഒരു ചിന്താ പദ്ധതിയും സിപിഎമ്മിനോ ഇടതുമുന്നണിക്കോ ഇല്ല. ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത് ഇത്തരം പദ്ധതികളാണ്.

ഒന്നുകില്‍ കാഴ്ച പോയേനെ, അല്ലെങ്കില്‍ തലച്ചോര്‍ തകര്‍ന്നേനെ

21 ാം നൂറ്റാണ്ടിലെ കേരളമാണ് ഞങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കായി വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തുടനീളം ജനങ്ങളുമായി സംസാരിച്ചശേഷം രൂപം നല്‍കിയ പദ്ധതികളാണ് ഞങ്ങള്‍ പ്രകടനപത്രികയില്‍ രൂപം നല്‍കിയിരിക്കുന്നത്. കടത്തില്‍ മുങ്ങിനില്‍ക്കുന്ന സംസ്ഥാനത്തെ കൂടുതല്‍ കടത്തിലാഴ്ത്തുന്ന പരിപാടികളാണ് ഇടതുമുന്നണി സര്‍ക്കാരിനുള്ളത്. ശമ്പളം കൊടുക്കാന്‍ പോലും പണമില്ല.

മൂന്നു ലക്ഷമാണ് കേരളത്തിന്റെ പൊതുക്കടം. 3.4 ശതമാനമാണ് ധനക്കമ്മി. മൂന്നു ശതമാനത്തില്‍ കൂടുതലാവരുതെന്ന് നയമുള്ളപ്പോഴാണിത്. ഈ പരിസരത്തിലാണ് പിണറായി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്ക് ബദലായി ന്യായ് പദ്ധതി കോണ്‍ഗ്രസ് അവതരിപ്പിക്കുന്നത്. കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏഴ് ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ വെച്ചു കൊടുക്കാന്‍ 420 കോടി രൂപ വേണ്ടി വരും. എവിടെ നിന്നാണ് ഈ പണം അധികാരം കിട്ടുകയാണെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കണ്ടെത്തുക?

താങ്കളുടെ കണക്ക് നൂറു ശതമാനം ശരിയാണെന്ന് തോന്നുന്നില്ല. ഞങ്ങളുടെ കണക്ക് കൂട്ടലനുസരിച്ച് അത് സംസ്ഥാന ബജറ്റിലുള്‍പ്പെടുത്താനാവും. ചില മാറ്റങ്ങള്‍ കൊണ്ടുവരും. പക്ഷേ, ആറായിരം രൂപ എന്നതില്‍ മാറ്റമുണ്ടാവില്ല. ഞങ്ങളുടെ ലക്ഷ്യം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലുള്ള മുന്നേറ്റമാണ്. ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമ പദ്ധതികളുടെ ഭാരം പേറേണ്ടി വരിക വരും തലമുറയാണ്. അതുകൊണ്ടാണ് കേരളത്തിന്റെ വരുമാന വര്‍ദ്ധനവിന് കൃത്യമായ പദ്ധതികള്‍ കോണ്‍ഗ്രസും യുഡിഎഫും ആവിഷ്‌കരിക്കുന്നത്.

സാമൂഹ്യ സുരക്ഷയ്ക്കപ്പുറത്ത് സാമ്പത്തിക സുരക്ഷ കൂടി വിഭാവനം ചെയ്യുന്നുണ്ടെണ്ണാണോ?

തീര്‍ച്ചയായും. കേരളത്തില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടുവരുന്നതിലൂടെയും വ്യവസായവത്കരണത്തിലൂടെയും ഇത് സാദ്ധ്യമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇതിനായി ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ആക്ട് കൊണ്ടുവരും. നിര്‍ബ്ബന്ധിത ഹര്‍ത്താലുകള്‍ വേണ്ടെന്ന നയം ഞങ്ങള്‍ എടുക്കുന്നത് ഈ പരിസരത്തിലാണ്. ബിഎംഡബ്ളിയു കാര്‍ നിര്‍മ്മാതാക്കളെ കേരളത്തില്‍ നിന്ന് ഓടിച്ചത് ഹര്‍ത്താലുകളാണ്. 230 ദശ ലക്ഷം ഡോളറിന്റെ മുതല്‍മുടക്കാണ് ഇതിലൂടെ കേരളത്തിന് നഷ്ടമായത്.

പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ നേമത്ത് മത്സരിക്കുമായിരുന്നു- ശശി തരൂര്‍...

ഹര്‍ത്താലുകളുടെ കാലമൊക്കെ കഴിഞ്ഞു. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം വേണം. പക്ഷേ, മറ്റുള്ളവരുടെ മെക്കിട്ട് കയറുന്ന തരത്തിലാവരുത് പ്രതിഷേധങ്ങള്‍. ബലം പ്രയോഗിച്ച് ആരെക്കൊണ്ടും ഹര്‍ത്താല്‍ ആചരിപ്പിക്കരുത്. കൂടുതല്‍ കമ്പനികള്‍ വരുമ്പോള്‍ നികുതി വരുമാനം കൂടും. അങ്ങിനെ വരുമ്പോള്‍ കൂടുതലായി കിട്ടുന്ന നികുതി ഉപയോഗിച്ച് നമുക്ക് ക്ഷേമ പദ്ധതികള്‍ നടപ്പാക്കാം.

ഇംഗ്ളണ്ടില്‍ ദേശീയ ആരോഗ്യ പദ്ധതിയായ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് നടപ്പാക്കുന്നത് നികുതി ദായകരുടെ പണം ഉപയോഗിച്ചാണ്. ഈ രീതിയാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?

അതെ. നാളെ നമ്മള്‍ നടപ്പാക്കുന്ന പദ്ധതികള്‍ നമ്മുടെ വരുമാനം കൊണ്ടുതന്നെ നടപ്പാക്കാനാവണം.

Content Highlights: Sashi tharoor interview