തിരുവനന്തപുരം: കെ.കെ. ശൈലജ അടക്കം എല്ലാ സി.പി.എം. മന്ത്രിമാരേയും മാറ്റിനിര്‍ത്തി രൂപവത്കരിച്ച രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.എന്‍. ബാലഗോപാലിനോ അല്ലെങ്കില്‍ പി. രാജീവിനോ ആയിരിക്കും ധനകാര്യ വകുപ്പെന്ന് സൂചന. ഇതില്‍ ഒരാള്‍ക്ക് വൈദ്യുതി വകുപ്പ് ലഭിച്ചേക്കും. ഇ.പി. ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വ്യവസായം ഇത്തവണ എം.വി. ഗോവിന്ദന് ലഭിക്കാനാണ് സാധ്യത. 

മന്ത്രിമാരെ നിശ്ചയിക്കുന്നതിനൊപ്പം വകുപ്പ് തീരുമാനിക്കുക മുഖ്യമന്ത്രിയാണെങ്കിലും പ്രധാന വകുപ്പുകള്‍ ആര്‍ക്കൊക്കെ എന്നതിലും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായ കെ. രാധാകൃഷ്ണന് പിന്നാക്കക്ഷേമത്തിന് പുറമെ നിയമം, തൊഴില്‍ അടക്കം ചില സുപ്രധാന വകുപ്പുകള്‍ ലഭിക്കുമെന്നാണ് വിവരം.

വി.എന്‍. വാസവന് എക്‌സൈസും വി. ശിവന്‍കുട്ടിക്ക് സഹകരണ, ദേവസ്വം വകുപ്പുകളുടെ ചുമതലയും ലഭിക്കാനാണ് സാധ്യത. ശൈലജ മാറിയ സ്ഥിതിക്ക് വീണ ജോര്‍ജ് ആരോഗ്യമന്ത്രിയായേക്കും. സജി ചെറിയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് എത്തിയേക്കാം. അല്ലെങ്കില്‍ ഈ വകുപ്പ് ബാലഗോപാലിനും വൈദ്യുതി സജി ചെറിയാനും കിട്ടിയേക്കാം. 

ആര്‍. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയേക്കും. വി. അബ്ദുറഹ്മാന് ന്യൂനപക്ഷ ക്ഷേമം ലഭിച്ചേക്കും. മുഹമ്മദ് റിയാസിന് സ്‌പോര്‍ട്‌സ്, യുവജനകാര്യ വകുപ്പുകളാകും ലഭിക്കാന്‍ സാധ്യത.

content highlights: mv govindan and veena george likely to get industries and health portfolions respectively