മലപ്പുറം: കെ.എം.ഷാജിയെ കാസര്‍കോട് മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് ജില്ലാ നേതാക്കള്‍ രംഗത്ത്. കാസര്‍കോട്ടെ നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് എതിര്‍പ്പറിയിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇ.അബ്ദുള്ള, ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹിമാന്‍, ട്രഷറര്‍ കല്ലട്ര മായിന്‍ ഹാജി, കാസര്‍കോട് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന് എന്നിവരാണ് പാണക്കാട്ടെത്തിയത്.

പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കേണ്ടതില്ലെന്ന അഭിപ്രായവും കാസര്‍കോടുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുന്നതിന്റെ പ്രതിഷേധവും ഇവര്‍ ലീഗ് നേതാക്കളെ അറിയിച്ചു. 

വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന് തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. കാലങ്ങളായി ജില്ലയില്‍ നിന്നുള്ളവരാണ് കാസര്‍കോട് മത്സരിക്കാറുള്ളതെന്നും ജില്ലാ നേതാക്കള്‍ ഹൈദരലി ശിഹാബ് തങ്ങളെ കണ്ട ശേഷം പ്രതികരിച്ചു.

അതേ സമയം താന്‍ കാസര്‍കോട് മത്സരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കെ.എം.ഷാജി തള്ളുകയാണുണ്ടായത്. ജില്ലാ നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തിയ സാഹചര്യത്തില്‍ ഷാജി അഴിക്കോട് തന്നെ മത്സരിക്കാനാണ് സാധ്യത.