തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് ചര്‍ച്ചയാകാതിരിക്കാനുള്ള സി.പി.എമ്മിന്റെ പാഴ്ശ്രമമാണ് ബി.ജെ.പി വോട്ടുകച്ചവട ആരോപണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സി.പി.എം മറുപടിയേണ്ട പ്രധാന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രി ഓരോ അടവുതന്ത്രം പയറ്റുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മേല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയത്. ഇതിന്റെ പേരിലാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞത്. എന്നാല്‍ ഈ ദിവസങ്ങളില്‍ വനിതാപോലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് ഈ ചോദ്യം ചെയ്യല്‍ നടന്നതെന്ന് കോടതിരേഖകളില്‍ വ്യക്തമാക്കുന്നത്.

വനിതാപോലീസ് ഉദ്യോഗസ്ഥരായ സിജി വിജയനും റെജിമോളും മുഖ്യമന്ത്രിക്ക് സഹായകരമായ മൊഴി നല്‍കിയതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടേയും രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു മൊഴി അവര്‍ നല്‍കിത്. വനിതാപോലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം മൊഴിനല്‍കിയതിന് ആരുടെയൊക്കയോ ശക്തമായ പിന്തുണയുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നേര്‍ക്ക് നേര്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ തന്ത്രമാണിത്. ബി.ജെ.പി-സി.പി.എം അന്തര്‍ധാരയുടെ ഭാഗമാണ് ഈ അസാധാരണ സംഭവങ്ങളെന്നും മുല്ലപ്പള്ളി പറഞ്ഞു.

Content Highlights: Mullappapally Ramachandran, Pinarayi Vijayan, CPIM, Congress