ന്യൂഡല്‍ഹി: കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും. മുല്ലപ്പള്ളി മത്സരിച്ചാല്‍ കെ. സുധാകരന്‍ കെ.പി.സി.സി. അധ്യക്ഷനാകും. കോണ്‍ഗ്രസിലെ മുഴുവന്‍ സിറ്റിങ് എം.എല്‍.എമാര്‍ക്കും സീറ്റ് നല്‍കും. കെ.സി. ജോസഫ് യുവാക്കള്‍ക്ക് വഴിമാറണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കി.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവുകയാണ്. വൈകിട്ട് ആറുമണിക്ക് സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരും. കോണ്‍ഗ്രസിന്റെ വാര്‍ റൂമിലാണ് യോഗം ചേരുന്നത്. ഇതിനിടെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തെത്തിയിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുകയാണെങ്കില്‍ അത് കണ്ണൂരില്‍ ആയിരിക്കും.

പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയാതെ മത്സരിക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളി നടത്തുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് നേതാക്കളുമായി മുല്ലപ്പള്ളി കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയേക്കും. നാളെയാണ് കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ചേരുന്നത്. ആ യോഗത്തില്‍ ഈ വിഷയവും ചര്‍ച്ചയാകും. മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കില്‍ പുതിയ കെ.പി.സി.സി. അധ്യക്ഷനെ കണ്ടെത്തേണ്ടി വരും. കെ. സുധാകരന്‍ തന്നെ അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങളില്‍ ഔദ്യോഗിക തീരുമാനം ചൊവ്വാഴ്ചയുണ്ടാകും.

അതേസമയം കോണ്‍ഗ്രസിന്റെ 21 സിറ്റിങ് എം.എല്‍.എമാരുടെ മത്സരകാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇതില്‍ 20 പേരും മത്സരിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കെ.സി. ജോസഫ് മത്സരിക്കുന്ന കാര്യത്തില്‍ മാത്രമാണ് നിലവില്‍ അവ്യക്തതയുള്ളത്. യുവാക്കള്‍ക്കു വേണ്ടി കെ.സി. ജോസഫ് വഴിമാറി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ശക്തമായ സമ്മര്‍ദം ഹൈക്കമാന്‍ഡിനു മുന്നിലുണ്ട്. ഇരിക്കൂറില്‍നിന്ന് മാറാനും ചങ്ങനാശ്ശേരി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള താത്പര്യമാണ് കെ.സി. ജോസഫ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പ് സംസ്ഥാനത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന് പരാതിയും ലഭിച്ചിട്ടുണ്ട്. കെ.സി. ജോസഫിന്റെ കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയായിരിക്കും നിര്‍ണായക തീരുമാനം എടുക്കുക.

ഇന്നു വൈകുന്നേരം നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിന് മുന്‍പ് തന്നെ ചുരുക്കപ്പട്ടിക പരമാവധി ചെറുതാക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ഓരോ മണ്ഡലത്തിലും രണ്ടു മുതല്‍ അഞ്ച് വരെ ആളുകളുടെ പേരാണ് സ്ഥാനാര്‍ഥി സാധ്യതാപട്ടികയിലുള്ളത്. ഇത് രണ്ടായി ചുരുക്കണമെന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ന് കേരള ഹൗസ് കേന്ദ്രീകരിച്ച് നടക്കും.

കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും കേരള ഹൗസില്‍ എത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി ഉച്ചയോടെ ഡല്‍ഹിയില്‍ എത്തും. ശേഷം മൂന്നു നേതാക്കളും ചര്‍ച്ച നടത്തും. തുടര്‍ന്ന് ഇന്ന് വൈകിട്ട് ആറുമണിക്ക് എച്ച്.കെ. പാട്ടീല്‍ അധ്യക്ഷനായ സ്‌ക്രീനിങ് സമിതി യോഗം ചേര്‍ന്ന് ചുരുക്കപ്പട്ടികയുടെ കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്താനുള്ള ശ്രമം നടത്തും. നാളെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷ സോണിയ ഗാന്ധിയാണെങ്കിലും അനാരോഗ്യം കാരണം അവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഇടയില്ല. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ആയിരിക്കും ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുക.

content highlights: mullappally ramachandran likely to contest from kannur