കോഴിക്കോട്: ജീവിച്ചിരിപ്പില്ലെന്ന് ബി. എല്‍.ഒ. റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. സാമൂഹികമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടാണ് ബി.എല്‍.ഒ. അത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചതോടെ അബദ്ധംപറ്റിയതാണെന്ന് ബി.എല്‍.ഒ പറഞ്ഞു. അതിനാല്‍ മറ്റു നടപടികളിലേക്ക് നീങ്ങിയില്ല.

എണ്‍പത് വയസ്സ് പിന്നിട്ടവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് വീട്ടില്‍നിന്ന് തപാല്‍വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്. എം.ജി.എസിന് എണ്‍പത് പിന്നിട്ടെന്ന് മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. ജീവിച്ചിരിപ്പില്ലെന്ന റിപ്പോര്‍ട്ട് വന്നതിനാല്‍ തപാല്‍വോട്ടിനുള്ള ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെടാതെപോയി.

വോട്ടര്‍പട്ടികയില്‍ പേരുള്ളതിനാല്‍ ഏപ്രില്‍ ആറിന് പോളിങ് ബൂത്തില്‍ എം.ജി.എസിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കളക്ടര്‍ എസ്. സാംബശിവറാവു പറഞ്ഞു. അദ്ദേഹത്തിന് പോസ്റ്റല്‍ബാലറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. എം.ജി.എസുമായി നേരിട്ട് സംസാരിച്ചുവെന്നും കളക്ടര്‍ പറഞ്ഞു.

content highlights: MGS Narayanan