തിരുവനന്തപുരം: എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് മാതൃഭൂമി ന്യൂസ്- സീ വോട്ടര്‍ രണ്ടാംഘട്ട അഭിപ്രായ സര്‍വേ. മാര്‍ച്ച് 19-നാണ് ആദ്യഘട്ട അഭിപ്രായ സര്‍വേ പുറത്തെത്തിയത്. അതിലെ കണക്കുകളേ അപേക്ഷിച്ച് എല്‍.ഡി.എഫിന് രണ്ടു സീറ്റുകള്‍ കുറയാനും യു.ഡി.എഫിന് രണ്ട് സീറ്റുകള്‍ കൂടിയേക്കാമെന്നും രണ്ടാം ഘട്ട അഭിപ്രായ സര്‍വേ പറയുന്നു. 

മാര്‍ച്ച് 19-ന് പുറത്തെത്തിയ ആദ്യഘട്ട സര്‍വേയില്‍ 75-83 സീറ്റുകള്‍ വരെയായിരുന്നു എല്‍.ഡി.എഫിന് പ്രവചിച്ചിരുന്നത്. എന്നാല്‍ അഞ്ചുദിവസം കഴിഞ്ഞുള്ള രണ്ടാംഘട്ട സര്‍വേ പ്രകാരം 73-83 സീറ്റ് വരെയാണ് എല്‍.ഡി.എഫിന് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  

അതേസമയം ആദ്യഘട്ട സര്‍വേയില്‍ യു.ഡി.എഫിന് പ്രവചിക്കപ്പെട്ടിരുന്നത് 56-64 സീറ്റുകളായിരുന്നു. എന്നാല്‍ രണ്ടാംഘട്ട സര്‍വേയില്‍ രണ്ടു സീറ്റുകളുടെ വര്‍ധനയാണ് പ്രവചിക്കപ്പെടുന്നത്. അതായത് യു.ഡി.എഫ്.: 56-66.

എന്‍.ഡി.എയ്ക്ക് 0-2 സീറ്റുകളായിരുന്നു ആദ്യഘട്ട സര്‍വേയില്‍ പ്രവചിക്കപ്പെട്ടിരുന്നതെങ്കില്‍ രണ്ടാംഘട്ടത്തില്‍ 0-1 സീറ്റുകളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 

അവസാന സീറ്റ് നില പ്രകാരം എല്‍.ഡി.എഫ്. 79 സീറ്റ് നേടുമെന്നായിരുന്നു ആദ്യഘട്ട പറഞ്ഞിരുന്നത്. ഇതില്‍നിന്ന് ഒരു സീറ്റിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 78 സീറ്റുകള്‍ എല്‍.ഡി.എഫിന് കിട്ടുമെന്നാണ് രണ്ടാംഘട്ട സര്‍വേ ഫലം പറയുന്നത്. 

രണ്ടാംഘട്ട അഭിപ്രായ സര്‍വേ പ്രകാരം യു.ഡി.എഫിന് 61 സീറ്റും ലഭിക്കും. 60 സീറ്റായിരുന്നു ആദ്യഘട്ട സര്‍വേയില്‍ പറഞ്ഞിരുന്നത്. എന്‍.ഡി.എയ്ക്ക് ഒരു സീറ്റാണ് ഇപ്പോള്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണയും എന്‍.ഡി.എയ്ക്ക് ഒരു സീറ്റാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സര്‍ക്കാരിന്റെ പ്രകടനം, മുഖ്യമന്ത്രിയുടെ പ്രകടനം, ആരാകണം മുഖ്യമന്ത്രി, സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ നിങ്ങളുടെ നിലപാട് മാറിയോ, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പട്ടികയ്ക്കു ശേഷം പിണറായി ശക്തനായോ എന്നീ ചോദ്യങ്ങളും രണ്ടാംഘട്ട സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

സര്‍ക്കാരിന്റെ പ്രകടനം 

 • മികച്ചത്-37.9%
 • ശരാശരി-33.8%
 • മോശം-28.3%

മുഖ്യമന്ത്രിയുടെ പ്രകടനം

 • മികച്ചത്-39.5%
 • ശരാശരി-36.5%
 • മോശം-24%

ആരാകണം മുഖ്യമന്ത്രി

 • പിണറായി വിജയന്‍- 39.3%
 • ഉമ്മന്‍ ചാണ്ടി-26.5%
 • ശശി തരൂര്‍-8.9%
 • മുല്ലപ്പള്ളി രാമചന്ദ്രന്‍-8.8%
 • കെ.കെ. ശൈലജ-4.1%
 • രമേശ് ചെന്നിത്തല-2.6%

സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ നിങ്ങളുടെ നിലപാട് മാറിയോ എന്ന ചോദ്യത്തിന് 

 • മാറി-28.9%
 • മാറിയില്ല-48.5%
 • അറിയില്ല-22.6%

എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പട്ടികയ്ക്കു ശേഷം പിണറായി ശക്തനായോ 

 • ശക്തനായി-46.7%
 • ശക്തനായില്ല-36.9%
 • അറിയില്ല-16.4%

content highlights: mathrubhumi c voter second phase opinion poll