തിരുവനന്തപുരം: പത്തനംതിട്ടയില്‍ അഞ്ചില്‍ നാല് സീറ്റുകളും എല്‍ഡിഎഫ് നേടുമെന്ന് മാതൃഭൂമി-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ്‌പോള്‍ സര്‍വേ ഫലം. അടൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. 

തിരുവല്ല മണ്ഡലം മാത്യു ടി തോമസിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. 2016ല്‍ 8262 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മാത്യു ടി തോമസ് തിരുവല്ലയില്‍ നിന്ന് വിജയിച്ചത്. കുഞ്ഞുകോശി പോള്‍(യുഡിഎഫ്)അശോകന്‍ കുളനട(എന്‍ഡിഎ)എന്നിവരാണ് ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍.

റാന്നി മണ്ഡലം എല്‍ഡിഎഫിന് വേണ്ടി പ്രമോദ് നാരായണന്‍ നിലനിര്‍ത്തും. യുഡിഎഫിന് വേണ്ടി റിങ്കു ചെറിയാനും എന്‍ഡിഎയ്ക്ക് വേണ്ടി കെ. പത്മകുമാറും ആണ് ജനവിധി തേടിയത്. 

ആറന്മുള മണ്ഡലം സിറ്റിങ് എംഎല്‍എ വീണ ജോര്‍ജ് നിലനിര്‍ത്തും. 2106ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജ് 7646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. ഇത്തവണ അഡ്വ. കെ ശിവദാസന്‍ നായര്‍, ബിജു മാത്യു(എന്‍ഡിഎ)എന്നിവരാണ് ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍.

അടൂര്‍ മണ്ഡലത്തില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചനാതീതം. സിറ്റിങ് എംഎല്‍എ ചിറ്റയം ഗോപകുമാറും യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് സര്‍വേ പറയുന്നു. ബിജെപിക്ക് വേണ്ടി പന്തളം പ്രതാപനാണ് ജനവിധി തേടിയത്. 2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ 25324 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 

കോന്നി ബിജെപി ഏറെ പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന മണ്ഡലമായ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.യു.ജനീഷ് കുമാര്‍ വിജയിക്കും. റോബിന്‍ പീറ്റര്‍ യുഡിഎഫിന് വേണ്ടി ജനവിധി തേടിയപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആണ് ബിജെപിക്ക് വേണ്ടി മത്സരിച്ചത്.