മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ നടത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലപ്രവചനം തുടരുന്നു. കൊല്ലത്ത് 9 സീറ്റുകളില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്നാണ് സർവേ പറയുന്നത്. രണ്ട് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്.

കരുനാഗപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ രാമചന്ദ്രനും യുഡിഎഫ് സ്ഥാനാര്‍ഥി സിആര്‍ മഹേഷും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്ന് സര്‍വേ. 2016ല്‍ ആര്‍ രാമചന്ദ്രനാണ് 1759 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി ബിറ്റി സുധീര്‍ ആണ് കരുനാഗപ്പള്ളിയില്‍ വിജയിച്ചത്.

കുന്നത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്‍ വിജയിക്കും. ഉല്ലാസ് കോവൂര്‍(യുഡിഎഫ്), രാജി പ്രസാദ്(എന്‍ഡിഎ)എന്നിവരാണ് ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ കോവൂര്‍ കുഞ്ഞുമോന്‍ 20529 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുന്നത്തൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

ചവറ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  സുജിത്ത് വിജയന്‍ വിജയിക്കും. ഷിബു ബേബി ജോണ്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്ക് വേണ്ടി വിവേക് ഗോപന്‍ ജനവിധി തേടി. 

പത്തനാപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗണേഷ് കുമാര്‍ സീറ്റ് നിലനിര്‍ത്തും. ജ്യോതികുമാര്‍ ചാമക്കാല(യുഡിഎഫ്), ജിതിന്‍ ദേവ്(എന്‍ഡിഎ) എന്നിവരാണ് ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍.

പുനലൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിഎസ് സുപാല്‍ വിജയിക്കും. അബ്ദുറഹ്മാന്‍ രണ്ടത്താണി(യുഡിഎഫ്), ആയൂര്‍ മുരളി(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാഥികള്‍. എല്‍ഡിഎഫിലെ കെ രാജു ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

ചടയമംഗലം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ ചിഞ്ചുറാണി വിജയിക്കും. എംഎം നസീര്‍(യുഡിഎഫ്), വിഷ്ണുപട്ടത്താനം(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍. 2016ല്‍ മുല്ലക്കര രത്‌നാകരന്‍ 21928 വോട്ടിനാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

കുണ്ടറ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് സര്‍വേ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെ മേഴ്‌സിക്കുട്ടിയമ്മ യുഡിഎഫ് സ്ഥാനാര്‍ഥി പിസി വിഷണുനാഥ് എന്നിവര്‍ തമ്മിലാണ് കടുത്ത മത്സരം. വനജ വിദ്യാധരനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 2016ല്‍ മേഴ്‌സിക്കുട്ടിയമ്മ 30460 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് കുണ്ടറ.

കൊട്ടാരക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍ മണ്ഡലത്തില്‍ വിജയിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ജനവിധി തേടിയത് വയക്കല്‍ സോമന്‍ ആണ്. ആര്‍ രശ്മിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

കൊല്ലം മണ്ഡലത്തില്‍ എം മുകേഷ് സീറ്റ് നിലനിര്‍ത്തും. 2016ല്‍ മുകേഷ് 17611 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബിന്ദു കൃഷ്ണ(യുഡിഎഫ്), എം സുനില്‍(എന്‍ഡിഎ)എന്നിവരാണ് ജനവിധി തേടിയ മറ്റ് സ്ഥാനാര്‍ഥികള്‍.

ഇരവിപുരം  എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.നൗഷാദ് വിജയിക്കും. ബാബു ദിവാകരന്‍ ആണ്  യുഡിഎഫ് സ്ഥാനാര്‍ഥി. രഞ്ജിത്ത് രവീന്ദ്രന്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ചു. 

ചാത്തന്നൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജിഎസ് ജയലാല്‍ വിജയിക്കും. എന്‍ പിതാംബര കുറുപ്പ്(യുഡിഎഫ്), ബിബി ഗോപകുമാര്‍(എന്‍ഡിഎ)എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികള്‍.

Content Highlight: Mathrubhumi Axix My India Exit Poll Kollam