തിരുവനന്തപുരം:ബിജെപി മുന്നേറ്റം നടത്താന്‍ സാധ്യതയുള്ള 20 ഓളം മണ്ഡലങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസും രഹസ്യധാരണയിലെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. മുല്ലപ്പള്ളി രാമചന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇത് വ്യക്തമാക്കുന്നതാണ്. ഉമ്മന്‍ചാണ്ടി ഇത് തിരുത്തി പറഞ്ഞിട്ടുണ്ടെങ്കിലും പറ്റിയ അബദ്ധം അവിടെ കിടക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു.

മഞ്ചേശ്വരത്ത് തങ്ങളെ സഹായിച്ചാല്‍ മറ്റു പല മണ്ഡലങ്ങളില്‍ നിങ്ങളേയും സഹായിക്കാമെന്നാണ് പറഞ്ഞത്.  ആ മറ്റു പല മണ്ഡലങ്ങളില്‍ നേമവും ഉള്‍പ്പെടുമോ എന്ന് പറയണം. കേരളത്തില്‍ പുരോഗതിയുണ്ടാകണമെങ്കില്‍ രണ്ട് മുന്നണികളേയും കൈവിട്ട് എന്‍ഡിഎക്കൊപ്പം നില്‍ക്കണമെന്നാണ് ജനങ്ങളോട് പറയാനുള്ളത്. ബിജെപിയുടെ സാന്നിധ്യം രണ്ട് മുന്നണികള്‍ക്കും ഒരുപോലെ അലോസരമുണ്ടാക്കുന്നുണ്ട്. അതു കൊണ്ടാണ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന് പരസ്പരം ആരോപിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ധര്‍മടത്ത് സിനിമാക്കാരെ അണിനിരത്തേണ്ട ഗതികേടിലെത്തിയോ പിണറായി വിജയനും സിപിഎമ്മും എന്ന് പറയണം . സിപിഎമ്മില്‍ വ്യക്തിപൂജ അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. സിനിമാ താരങ്ങളെ അണിനിരത്തി ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പ്രചാരണം നടത്തിയത് ഒരു പുതിയ രീതിയാണ്. ധര്‍മടത്ത് ജയിക്കാന്‍ സിനിമക്കാരെ അണിനിരത്തേണ്ട ഗതികേടിലായോ പിണറായി വിജയനെന്നാണ് പാര്‍ട്ടി അണികള്‍ ചോദിക്കുന്നു.

താരനിശക്കുള്ള പണം എവിടെ നിന്ന് വരുന്നുവെന്ന് പറയണം. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നികുതി പണമാണോ അതോ കള്ളപ്പണമാണോ എന്ന് പറയണം. സിപിഎം ഏത് നിലയിലേക്ക് എത്തിയിരിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.