തിരുവനന്തപുരം: എന്‍സിപിയില്‍ നിന്ന് പുറത്തു വന്ന മാണി സി.കാപ്പനെ മുന്നണിയിലെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത. കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരട്ടയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശിച്ചപ്പോള്‍ അതില്‍ കടുംപിടുത്തം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാടെടുത്തു. ഇന്നു ചേര്‍ന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതിയിലാണ് ഇത് ചര്‍ച്ചയായത്.
കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ പാലാ സീറ്റ് നല്‍കാമെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയും ഈ നിലപാടിനെ പിന്തുണച്ചു.
എന്നാല്‍ അക്കാര്യത്തില്‍ കടുംപിടുത്തം വേണ്ടെന്ന് പറഞ്ഞ രമേശ് ചെന്നിത്തല എല്‍ഡിഎഫില്‍ പരമാവധി പിളര്‍പ്പുണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്ന് പറഞ്ഞു. കാപ്പന്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ കൂടെയുള്ളവര്‍ പാര്‍ട്ടിയിലേക്ക് വരണമെന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കാപ്പന്റെ പ്രവേശനവും പാലാ സീറ്റും സംബന്ധിച്ച് അടുത്ത യുഡിഎഫ് യോഗത്തില്‍ തീരുമാനമാക്കമെന്ന തിരഞ്ഞെടുപ്പ് സമിതിയില്‍ ധാരണയായി.
കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിച്ചേക്കുമെന്നാണ് സൂചന. ഘടക കക്ഷികളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് മറ്റു സീറ്റുകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കും. എംപിമാര്‍ക്ക് അവരുടെ മണ്ഡലങ്ങളിലെ നിയോജക മണ്ഡലങ്ങളുടെ ചുമതല നല്‍കാനും ധാരണയായി.