വലിയ അട്ടിമറികളും കുറഞ്ഞ ഭൂരിപക്ഷ വിജയങ്ങളും കണ്ട തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. അഴീക്കോട്. പൂഞ്ഞാര്‍, കല്‍പ്പറ്റ, പാല, നേമം, കുണ്ടറ, വടകര, കുന്നത്തുനാട്, കുണ്ടറ  മണ്ഡലങ്ങളിലാണ് അപ്രതീക്ഷിതമായ അട്ടിമറികള്‍ സംഭവിച്ചത്.

അഴീക്കോട് കൈവിട്ട ഷാജി

കെ.എം ഷാജിയെ ഇത്തവണ അഴീക്കോട് തുണച്ചില്ല. സി.പി.എമ്മിന്റെ കെ.വി. സുമേഷിനായിരുന്നു ഇത്തവണ വിജയം. 21,786 വോട്ടാണ് കെ.വി. സുമേഷിന് ലഭിച്ചത്. കെ.എം. ഷാജിക്ക് ലഭിച്ചത് 16,312 വോട്ടുകള്‍. 2016-ല്‍ അഴിക്കോടിന്റെ പഴയ പ്രതിനിധി എം.വി.രാഘവന്റെ മകൻ എം.വി.നികേഷ്കുമാറിനെ 2287 വോട്ടുകള്‍ക്ക് തോൽപിച്ച് ഷാജി നിയമസഭയിലെത്തി. ഇത്തവണ പക്ഷേ തോല്‍വിയായിരുന്നു ഷാജിയെ കാത്തിരുന്നത്. മാറിവന്ന ട്രെന്‍ഡുകള്‍ക്കൊടുവില്‍ അവസാനലാപ്പില്‍ ആണ് ജയം സുമേഷ് കൊണ്ടുപോയത്. 

പി സിയില്ലാത്ത പൂഞ്ഞാര്‍

പൂഞ്ഞാര്‍= പി.സി ജോര്‍ജ് എന്നാണ്. പക്ഷേ ഇത്തവണ ആ സമവാക്യം മാഞ്ഞുപോയെന്നുവേണം പറയാന്‍. പൂഞ്ഞാറിനെ കാത്തുസൂക്ഷിച്ച പിസി ജോര്‍ജിന് ഇത്തവണ തോല്‍വി സമ്മതിക്കേണ്ടി വന്നു.  5179 വോട്ടുകളുടെ  ഭൂരിപക്ഷത്തിലാണ് സെബാസ്റ്റ്യന്‍ കളത്തുങ്കലിന്റെ വിജയം. 2016-ല്‍ മൂന്ന് മുന്നണികളെയും മറികടന്ന് ഇരുപത്തേഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച് സഭയിലെത്തിയ പി സി ജോര്‍ജിന് ഇത്തവണ ഭാഗ്യമുണ്ടായില്ല. സെബാസ്റ്റ്യന്റെ കന്നിയങ്കം വിജയം കണ്ട തിരഞ്ഞെടുപ്പായിരുന്നു ഇത്. 

തിരിച്ചുപിടിച്ച് കല്‍പ്പറ്റ

അപ്രതീക്ഷിത അട്ടിമറി നടന്ന മറ്റൊരു മണ്ഡലമായിരുന്നു കല്‍പ്പറ്റ. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. ശ്രേയാംസ്‌കുമാറും യുഡിഎഫിന്റെ ടി സിദ്ദിഖും തമ്മിലായിരുന്നു മത്സരം. പ്രവചനങ്ങളെല്ലാം ശ്രേയാംസ്‌കുമാറിന് അനുകൂലമായിരുന്നെങ്കിലും അവസാനഘട്ടത്തില്‍ വിജയം സിദ്ദിഖിനൊപ്പം നിന്നു. 5470 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സിദ്ദിഖിന്റെ ജയം. 36537 വോട്ടുകളാണ് ശ്രേയാംസ്‌കുമാര്‍ നേടിയത്. 

കൂറുമാറി അരുവിക്കര  

 പഴയ  ആര്യനാടായിരുന്ന കാലം മുതൽ യു.ഡി. എഫിനൊപ്പം നിന്ന മണ്ഡലമാണ് അരുവിക്കര. മണ്ഡലം രൂപവത്കരിച്ചശേഷം ഇതാദ്യമായാണ് യു.ഡി. എഫിന് ഇവിടെ അടിപതറുന്നത്.  4918 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി.പി. എം. സ്ഥാനാർഥി സ്റ്റീഫൻ സിറ്റിങ് എം. എൽ. എ. കെ. എസ്.ശബരീനാഥിനെ തോൽപിച്ചത്.

താമര വാടിയ നേമം

കെ. മുരളീധരനും വി. ശിവന്‍കുട്ടിയും കുമ്മനം രാജശേഖരനും മത്സരിച്ച മണ്ഡലത്തില്‍ വീണ്ടും വിജയിയായി ശിവന്‍കുട്ടി. അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ശിവന്‍കുട്ടിയുടെ വിജയം. ബി.ജെ.പി.യുടെ കേരളത്തിലെ ഏക സിറ്റിങ് സീറ്റായ നേമത്ത്  കെ.മുരളീധരന്റെ വരവോടെയാണ് ത്രികോണ മത്സരത്തിന് കളമൊരുങ്ങിയത്. കഴിഞ്ഞ തവണ ഒ.രാജഗോപാലിനോട് എണ്ണായിരത്തിൽപ്പരം വോട്ടുകൾക്കായിരുന്നു ശിവൻകുട്ടിയുടെ തോൽവി.

വടകരയെ വരുതിയിലാക്കി രമ

ആര്‍ എം പി നേതാവ് കെ.കെ. രമയുടെ വിജയമാണ് അട്ടിമറി വിജയങ്ങളിലൊന്ന്. ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കൂടിയാ രമയുടെ ജയം.  എൽ.ജെ.ഡിയുടെ മനയത്ത് ചന്ദ്രനെയാണ് രമ തോൽപിച്ചത്.

തൃത്താലയിലെ താരപ്പോരിൽ രാജേഷ്

രണ്ട് യുവപോരാളികളുടെ ഏറ്റുമുട്ടൽ കൊണ്ട് ശ്രദ്ധേയമായ മണ്ഡലമായിരുന്നു തൃത്താല. കഴിഞ്ഞ രണ്ടു തവണയായി വി.ടി.ബൽറാമിനെ വീഴത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു സി.പി. എം. എല്ലാം പരാജയപ്പെട്ടപ്പോഴാണ് എം.ബി.രാജേഷിനെ ഇറക്കി ഒരുകൈ നോക്കിയത്. അത് ഫലിച്ചു. ബൽറാമിന്റെ ഹാട്രിക് മോഹം മുൻ പാലക്കാട് എം.പി. കൂടിയായ രാജേഷ് തല്ലിത്തകർത്തു. ലീഡ്​നില മാറിമറിഞ്ഞ വോട്ടെണ്ണലിൽ രണ്ടായിരത്തഞ്ഞൂറ് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജേഷിന്റെ ജയം. 

ട്വന്റി ട്വന്റി ക്ലീൻ ബൗൾഡ്

ട്വന്റി ട്വന്റിയായിരിക്കും ഈ തിരഞ്ഞെ​ടുപ്പിലെ അത്ഭുതമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ, കുന്നത്തുനാട് മണ്ഡലത്തിൽ അവർക്ക് ക്ലച്ച് പിടിക്കാനായില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി. ശ്രീനിജന്‍ വിജയക്കൊടി പാറിച്ചു. 2817 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശ്രീനിജന്റെ അട്ടിമറി ജയം. ട്വന്റി ട്വന്റിക്ക് മൂന്നാമതെത്താനെ കഴിഞ്ഞുള്ളൂ.

കുണ്ടറയിൽ കാലിടറി മെഴ്സിക്കുട്ടിയമ്മ

ഇടതുതരംഗത്തിൽ കാലിടറിയ ഒരേയൊരു മന്ത്രിയേയുള്ളൂ. ജെ.മെഴ്സിക്കുട്ടിയമ്മ. മന്ത്രിസഭയുടെ അവസാനകാലത്ത് ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായിരുന്ന മന്ത്രി കഴിഞ്ഞ മൂന്ന് തവണയായി ഇടതുമുന്നണിയെ മാത്രം വരിച്ച കുണ്ടറയിൽ പി.സി.വിഷ്ണുനാഥിനോടാണ് തോറ്റത്. നേരത്തെ രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച മെഴ്സിക്കുട്ടിയമ്മ കഴിഞ്ഞ തവണ കരുത്തനായ രാജ്മോഹൻ ഉണ്ണിത്താനെ മുപ്പതിനായിരത്തിലേറെ വോട്ടിനാണ് തറപറ്റിച്ചത്. 2001നുശേഷം ഇതാദ്യമായാണ് കൈപ്പത്തി ചിഹ്നത്തിൽ ഇവിടെ ഒരു സ്ഥാനാർഥി ജയിക്കുന്നത്.

Content Highlights: Major Upsets In Kerala Assembl Election 2021 PC George MercyKutty Amma Nemom, BJP Kummanam T20