കണ്ണൂര്‍: മുസ്ലിം ലീഗില്‍ ഇക്കുറി വനിതകള്‍ക്ക് സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷ നിലനില്‍ക്കെ, കോണ്‍ഗ്രസിലെ വനിതാ നേതാക്കളും വലിയ പ്രതീക്ഷയില്‍. പരിഗണിക്കേണ്ടവരെ മൂന്നുവിഭാഗമായി തിരിച്ച് 35 പേരുടെ പട്ടികയില്‍ മഹിളാ കോണ്‍ഗ്രസ് തയ്യാറാക്കി. ഉടന്‍തന്നെ ഇത് കെ.പി.സി.സിക്ക് കൈമാറും. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ലതികാ സുഭാഷ് തുടങ്ങിയ നേതാക്കള്‍ക്ക് നിര്‍ബന്ധമായും മത്സരിക്കേണ്ടവരുടെ പട്ടികയിലുണ്ട്. ജില്ലയില്‍ ഒരാളെന്ന നിലയില്‍ 14 സീറ്റാണ് മഹിളാ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്്.
യുവാക്കള്‍ക്കും വനിതകള്‍ക്കും ഇക്കുറി ഗ്രൂപ്പ് നോക്കാതെ പരിഗണന നല്‍കുമെന്നാണ് എ.ഐ.സി.സിയുടെ തീരുമാനം. പഴയതുപോലെ അവസാനനിമിഷം എല്ലാം അട്ടിമറിക്കപ്പെടുകയും പഴയരീതിയില്‍ സിറ്റിങ് എം.എല്‍.എ.മാരെ നിലനിര്‍ത്തി ഗ്രൂപ്പു വീതംവെപ്പിലൊതുങ്ങുമോയെന്ന ആശങ്കയും മഹിളാ കോണ്‍ഗ്രസിനുണ്ട്. കഴിഞ്ഞതവണ പലരെയും ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിലാണ് നിര്‍ത്തിയത്. ആരും ജയിച്ചില്ല. ഉറപ്പുള്ള ഒറ്റസീറ്റും കൊടുത്തില്ല. പിന്നീട് അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചതോടെയാണ് വനിതാ പ്രാതിനിധ്യമുണ്ടായത്.
ആവശ്യമിങ്ങനെ
ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ തന്നെ സ്ഥാനാര്‍ഥിയായേക്കും. ബിന്ദു കൃഷ്ണയെ കൊല്ലത്തും ലതികാ സുഭാഷിനെ ഏറ്റുമാനൂരിലും പരിഗണിക്കുന്നുണ്ട്. പത്മജാ വേണുഗോപാല്‍ തൃശ്ശൂരും കെ.സി. റോസക്കുട്ടി കല്പറ്റയിലും സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്നു. മുന്‍മന്ത്രി പി.കെ. ജയലക്ഷ്മിക്ക് മാനന്തവാടി നല്‍കണമെന്നാണ് ആവശ്യം. കെ.സി. ജോസഫ് മത്സരത്തിനില്ലെന്ന് പറഞ്ഞ ഇരിക്കൂറില്‍ ശ്രീകണ്ഠാപുരം നഗരസഭാ അധ്യക്ഷകൂടിയായ ഡോ. കെ.വി. ഫിലോമിനയെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. കോങ്ങാട് സംവരണ സീറ്റില്‍ കെ.എ. തുളസിയും എറണാകുളത്ത് ലാലി വിന്‍സന്റും സീറ്റ് പ്രതീക്ഷിക്കുന്നു. സൗമിനി ജെയിന്‍, ദീപ്തി മേരി വര്‍ഗീസ്, എ.ഐ.സി.സി. മാധ്യമവിഭാഗത്തിലെ ഡോ. ഷമാ മുഹമ്മദ്, ഡോ. ആരിഫ, അഡ്വ. ഫാത്തിമ രോഷ്ന എന്നിവരും പട്ടികയിലുണ്ട്.
സുധാ കുര്യന്‍ (പത്തനംതിട്ട), ബിന്ദു ജയന്‍ (കരുനാഗപ്പള്ളി), ഉഷാദേവി (കോഴിക്കോട് നോര്‍ത്ത്), പത്മിനി ഗോപിനാഥ് (നിലമ്പൂര്‍), കെ.എ. ഷീബ (തരൂര്‍), ഡോ. പി.ആര്‍. സോന (വൈക്കം), ആശാ സനല്‍ (തൃപ്പൂണിത്തുറ), കുഞ്ഞുമോള്‍ രാജു (ചെങ്ങന്നൂര്‍) തുടങ്ങിയ പേരുകളും കെ.പി.സി.സിക്ക് നല്‍കി.