പാലാ ജോസ് കെ. മാണിക്ക് വത്തിക്കാനാണെങ്കിൽ അവിടെ പോപ്പ് വേറെയാണെന്ന് എൻ.സി.പി. നേതാവ് മാണി സി. കാപ്പൻ. ഇടതുപക്ഷം പാലാ സീറ്റ് തന്നില്ലെങ്കിലും അവിടെത്തന്നെ മത്സരിക്കുമെന്നും കാപ്പൻ പറയുന്നു. ഇടതുമുന്നണി നീതി കാണിച്ചില്ല.. പക്ഷേ, പാലായുടെ വികസനത്തെക്കുറിച്ച് തനിക്ക് ഒട്ടേറെ ലക്ഷ്യങ്ങളുണ്ട്. അതു പൂർത്തിയാക്കുംവരെ പാലായിൽ ഉണ്ടാവും. മത്സരിക്കും, ജയിക്കും മാതൃഭൂമി പ്രതിനിധി പ്രകാശൻ പുതിയേട്ടിക്ക് ഡൽഹിയിൽ വെച്ച് മാണി സി. കാപ്പൻ അനുവദിച്ച അഭിമുഖത്തിൽ നിന്ന്..
? പാലാ സീറ്റ് നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അസന്ദിഗ്‌ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടതുപക്ഷം ചതിച്ചു എന്നു തോന്നുന്നുണ്ടോ
= എന്നോട് കാണിച്ചത് അനീതിയാണ്. അക്കാര്യത്തിൽ പാർട്ടി ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കും.
? പാലാ തന്നില്ലെങ്കിലും ഇടതുമുന്നണിയിൽ തുടരാൻ ദേശീയ നേതൃത്വം തീരുമാനിച്ചാലോ
= അങ്ങനെയൊരു തീരുമാനം വരില്ല എന്നെനിക്കറിയാമല്ലോ. അങ്ങനെയാണെങ്കിൽ അതപ്പോൾ ആലോചിച്ചാൽ പോരേ.
? അരനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തി പാലായിൽ ജയിച്ച മാണി സി. കാപ്പന് ആ സീറ്റിപ്പോൾ തരില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്
= ഇത്രയും വർഷത്തിനുശേഷം എന്നതല്ല. അതിനപ്പുറം നാല് തിരഞ്ഞെടുപ്പുകളിലായി പാലായിൽ മത്സരിക്കുന്നു. 2006-ൽ മത്സരിക്കാൻ വരുമ്പോൾ പാലാ ആർക്കും വേണ്ടാത്ത സീറ്റായിരുന്നു. ഉഴവൂർ വിജയൻ മത്സരിച്ച് 25,000 വോട്ടിന് തോറ്റ സീറ്റ്. അവിടെ ആദ്യം മത്സരിക്കാൻ നിന്നപ്പോൾ തോറ്റത് 7,500 വോട്ടിന്. രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ തോൽവി 5400 വോട്ടിനായി. മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ മാണി സാറിനെതിരേതന്നെ തോറ്റത് 4200 വോട്ടിന്. മെച്ചപ്പെട്ട പ്രകടനമാണ് അവിടെ കാഴ്ചവെച്ചത്. 19 പാർലമെന്റ് സീറ്റും നഷ്ടപ്പെട്ടിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിസന്ധിയിലായിരുന്ന സമയത്താണ് പാലാ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്നത്. ആറിടത്ത് ഉപതിരഞ്ഞെടുപ്പു നടക്കുന്ന സമയം സി.പി.എമ്മിന്റെ പ്രമുഖനായ നേതാവ് ചാനലുകളിൽക്കൂടി പറഞ്ഞത്, ഇത് ഇടതുപക്ഷമുന്നണിയെ തകർക്കാനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ ഗൂഢാലോചന എന്നാണ്. അന്നു ഞാൻ വിളിച്ചുപറഞ്ഞത് ഇതു ഭാഗ്യമാണെന്നും നമ്മൾ ജയിക്കും എന്നുമാണ്. മുന്നണിക്ക് തിരിച്ചുവരാനുള്ള സമയമാണിതെന്നും പറഞ്ഞു. അതുപോലെതന്നെ സംഭവിച്ചു. മുഖ്യമന്ത്രിയും പിന്നീട് പാലായ്ക്കുവേണ്ടി പോയിപ്പറയുന്ന കാര്യങ്ങളെല്ലാം ചെയ്തുതന്നു. പ്രളയസമയത്ത് മറ്റുള്ള മണ്ഡലങ്ങളിൽ കിട്ടിയതിനെക്കാൾ പാലായിൽ കിട്ടി. അതു നന്ദിപൂർവം സ്മരിക്കുന്നു.
? എന്നിട്ടും പാലാ മാണി സി. കാപ്പന് തരുന്നില്ല
= ആദ്യം അവിടെ മത്സരിക്കാൻ ആഗ്രഹിക്കുന്ന കക്ഷി ഇങ്ങനെയൊരു വിഷയമുണ്ട് എന്താണ് ചെയ്യേണ്ടത് എന്നു ചോദിക്കാനുള്ള മര്യാദ കാണിക്കണമായിരുന്നു. ഞാനാണെങ്കിൽ കാണിച്ചേനെ. അത് കാണിച്ചില്ലെന്നു മാത്രമല്ല, അവരുടെ പാർട്ടിയുടെ സാമൂഹികമാധ്യമ കൂട്ടായ്മയിലൂടെ എന്നെ ആക്രമിക്കാൻ ശ്രമിച്ചു. അതിനുള്ള പ്രത്യാക്രമണവും ഭംഗിയായി നടന്നു. അത് അകൽച്ചയ്ക്ക് ഇടയാക്കി. മുഖ്യമന്ത്രിയോടും ഇക്കാര്യം നേരിട്ടു പറഞ്ഞു. എം.എൽ.എ. ആയി ഒരു വർഷം തികഞ്ഞപ്പോൾ പാലായിലെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി എല്ലാ പേപ്പറുകളിലും സപ്ലിമെന്റ് നൽകിയിരുന്നു. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പടമടക്കം അച്ചടിച്ചുള്ളതായിരുന്നു. അതു മുഖ്യമന്ത്രിക്ക് കാണിക്കുന്ന സമയത്തും പാലാ സീറ്റു വിഷയം അദ്ദേഹം മിണ്ടിയില്ല.
പിന്നീട് മന്ത്രി എ.കെ. ശശീന്ദ്രനുമായി ചേർന്ന് വീണ്ടും കണ്ടു. സീറ്റിന്റെ കാര്യം അപ്പോൾ ശശീന്ദ്രനോട് മാത്രമായി മുഖ്യമന്ത്രി സംസാരിച്ചു. പുറത്തുവന്ന ശശീന്ദ്രൻ നമ്മുടെ ഒരു സീറ്റ് അവർ എടുക്കുമെന്ന് പറഞ്ഞു. ഏതു കുട്ടനാടോ എന്ന് ചോദിച്ചപ്പോൾ അല്ല പാലാ എന്നു പറഞ്ഞു.
കുട്ടനാട്ടിൽ മത്സരിക്കാൻ താനില്ല എന്ന് അപ്പോൾത്തന്നെ വ്യക്തമാക്കി. പ്രധാന കാരണം, തോമസ് ചാണ്ടിയുടെ അനുജന് സീറ്റു നൽകണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഇടതുമുന്നണിക്ക് കത്ത് നൽകിയിട്ടുണ്ട്. ആ നിലയ്ക്ക് ആ സീറ്റ് എടുക്കുന്നത് മര്യാദകേടായി തോന്നി.
പിന്നീട് ഞങ്ങൾ ഡൽഹിയിൽ വന്നപ്പോൾ, ദേശീയ നേതാവ് പ്രഫുൽ പട്ടേലിനെ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ ശരദ് പവാർ ചുമതലപ്പെടുത്തി. പട്ടേലിനോട് മുഖ്യമന്ത്രി നമ്മൾ പാലാ എടുക്കുകയാണെന്ന് വ്യക്തമായി പറഞ്ഞു. അപ്പോൾ പകരം രാജ്യസഭാ സീറ്റ് ചോദിച്ചു. അതു പറ്റില്ലെന്നും ഇവിടെ മാത്രമേ സി.പി.എമ്മിന് രാജ്യസഭാ സീറ്റിന് അവസരമുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്നരവർഷം രാജ്യസഭയിൽ ജോസ് കെ. മാണിക്ക് ബാക്കിയുണ്ട്. അതു കഴിഞ്ഞാൽ പാലാ സീറ്റ് രാജിവെച്ചു നൽകാം എന്നടക്കം ഇടനിലക്കാർ മുഖേന വ്യക്തമാക്കിയതാണ്. അതും ജോസ് കെ. മാണിക്ക് താത്‌പര്യമില്ലായിരുന്നു.
? മന്ത്രി എ.കെ. ശശീന്ദ്രൻ കൂടെ വരുമെന്ന് തോന്നുന്നുണ്ടോ
= തീരെയില്ല. പുള്ളിക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ലല്ലോ. പുള്ളി ഒരു പ്രസ്താവന കൊടുത്തു ആദ്യം. പുതിയ കക്ഷികൾ മുന്നണിയിലേക്ക് വരുമ്പോൾ മറ്റു കക്ഷികൾ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. മണ്ടത്തരത്തിന് കൊടുത്തതാ. ഞാൻ പറഞ്ഞു, ശശീന്ദ്രാ, ഞാൻ എലത്തൂർക്ക് മാറിക്കോളാം. താനിവിടെ വന്ന് കുട്ടനാട്ടിൽ മത്സരിച്ചോ എന്ന്. പിന്നെ ആ വിഷയം പുള്ളി മിണ്ടിയിട്ടില്ല.
? പാലാ ഇനിയും താങ്കളെ ജയിപ്പിക്കുമെന്ന് അത്ര ഉറപ്പാണോ
= തിരഞ്ഞെടുപ്പു സമയത്ത് ഞാൻ ദേശാടനപ്പക്ഷിയാണെന്നു പറഞ്ഞിട്ടുണ്ട്. വല്ലപ്പോഴും വരും എന്ന്. അതിന്റെ മുനയൊടിച്ചു. ചെറിയ അങ്കണവാടിയുടെ പരിപാടിക്കുവരെ എത്തി. എല്ലാ പ്രശ്നങ്ങൾക്കും മുൻനിരയിൽ നിന്നു. മാണിസാറിന്റെ വീട്ടിൽ മണിക്കൂറുകളോളം കാത്തുനിന്നാലാണ് ജനപ്രതിനിധികൾക്ക് 10 ലക്ഷത്തിന്റെ റോഡുപണി പോലും അനുവദിക്കുന്നത്. എന്നാൽ, രാവിലെ ഏഴുമണിക്കുതന്നെ എണീറ്റ് റെഡിയായി നിൽക്കുന്നതാണ് എന്റെ രീതി. പാലാ ഹൃദയവികാരമാണെന്നു ജോസ് കെ. മാണി പറഞ്ഞപ്പോൾ അതെന്റെ ചങ്കാണെന്നു പറയാൻ കഴിഞ്ഞത് അതിനാലാണ്. ഇവിടുത്തെ ജനങ്ങളാണെന്റെ ശക്തി എന്ന് ജോസ് കെ. മാണി പറയുന്നു. അതു പറയാൻ പുള്ളിക്കെന്താണ് അർഹത.
സ്വാതന്ത്ര്യസമര സേനാനിയും എം.പി.യുമായിരുന്ന എന്റെ അച്ഛൻ ചെറിയാൻ ജെ. കാപ്പന്റെ 10 വർഷം ജൂനിയറായി പ്രാക്ടീസ് ചെയ്ത ആളാണ് മാണി സാർ. എന്റെ ഫാദറിന്റെയടക്കം കൈ പിടിച്ചാണ് പുള്ളി രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ആ പാരമ്പര്യത്തെക്കുറിച്ച് ജോസ് കെ. മാണി പറഞ്ഞില്ല. പിന്നെ പുള്ളി പറയുന്നത് പാലാ ഞങ്ങളുടെ വത്തിക്കാനാണെന്നാണ്. പക്ഷേ, അവിടെ പോപ്പ് വേറെയാണ്.
? അപ്പോൾ ഇടതുമുന്നണി വിടുകയാണ്
= അത് ഞാൻ പറയുന്നില്ല, ദേശീയ നേതൃത്വം പ്രഖ്യാപിക്കേണ്ടതാണ്. വെള്ളിയാഴ്ച പറയും.
? മുന്നണി വിടുമ്പോൾ കൂടെ എല്ലാവരും വരും എന്നു തോന്നുന്നുണ്ടോ
= അതൊക്കെ അതു കഴിഞ്ഞിട്ടുള്ള കാര്യങ്ങളല്ലേ. നമ്മളെ സംബന്ധിച്ചിടത്തോളം നമ്മൾ അഖിലേന്ത്യാ പാർട്ടിയാണ്. അഖിലേന്ത്യാ നേതൃത്വവുമായി ബന്ധപ്പെട്ടാണ് തീരുമാനം.
? യു.ഡി.എഫ്. നേതാക്കൾ ആരെങ്കിലും നേരിട്ടു സമീപിച്ചോ
= എല്ലാവരും ചാനലിൽക്കൂടി പറയുന്നുണ്ടല്ലോ. രമേശ്ജി സ്വാഗതം ചെയ്തു. ഉമ്മൻ ചാണ്ടി സാറും മുല്ലപ്പള്ളിയും മുരളീധരനും എം.എം. ഹസ്സനും കുഞ്ഞാലിക്കുട്ടി സാറും സ്വാഗതം ചെയ്തു. പി.ജെ. ജോസഫും കൂടെ വിളിച്ചു. എല്ലാവരുമായും നല്ല വ്യക്തിബന്ധമാണ്.
? യു.ഡി.എഫിലേക്ക് പോയാൽ പാർട്ടിക്ക് നാലു സീറ്റ് കിട്ടുമോ
= അതൊന്നും ചർച്ച ചെയ്തിട്ടില്ലല്ലോ. വെള്ളിയാഴ്ച പ്രഫുൽ പട്ടേൽ പ്രഖ്യാപിച്ച ശേഷമല്ലേ ചർച്ചകളും വാതിൽ തുറക്കുന്നുള്ളൂ.
? നിയമന വിവാദങ്ങൾ നടക്കുകയാണല്ലോ
= അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. ഇടതുമുന്നണിയുടെ ഭാഗമായിരിക്കുമ്പോൾ കുറ്റം പറയാനില്ല. പാലായുടെ വികസനത്തിന് വേണ്ടി മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കണ്ടപ്പോൾ ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച്, കന്യാസ്ത്രീകൾക്ക് റേഷൻ കൊടുക്കുന്ന കാര്യവും തോട്ടം ഭൂമി പ്രശ്നവും. പുരയിടമായിരുന്ന ഭൂമി റീസർവേയിൽ തോട്ടമായി മാറിയതിനാൽ വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതമാണ് ഈ ചെറിയ കാലയളവിൽ മാറ്റിയത്.
? അടുത്തതായി യു.ഡി.എഫ്. അധികാരത്തിൽ വരുമെന്നു തോന്നുന്നതിനാലാണോ ഈ മുന്നണി മാറ്റം
= യു.ഡി.എഫ്. അധികാരത്തിൽ വരുമോ എന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയാനില്ല.
Content Highlights: LDF has done injustice - Mani c. Kappan