തിരുവനന്തപുരം: ചരിത്രവിജയം എല്‍.ഡി.എഫ്. സ്വന്തമാക്കി വോട്ടുനിലയിലും വന്‍മുന്നേറ്റമുണ്ടാക്കിയപ്പോഴും മൂന്നു മണ്ഡലങ്ങളില്‍  മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കടുത്ത പോരാട്ടം നടന്ന പാലക്കാട്ട് ആദ്യം മുതലേ മത്സരം ഷാഫിയും ശ്രീധരനും തമ്മിലായിരുന്നു. കഴിഞ്ഞ തവണ എന്‍.എന്‍. കൃഷ്ണദാസ് മത്സരിച്ച് മൂന്നാമതായിടത്ത് സി.പി. പ്രമോദ് എന്ന പുതുമുഖത്തിന് വോട്ടുചോര്‍ച്ച തടയാനാകുമോ എന്ന ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നാം സ്ഥാനത്തായതിനൊപ്പം 2,242 വോട്ട് പിന്നെയും എല്‍.ഡി.എഫിന് ഇത്തവണ കുറഞ്ഞു.

യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ മൂന്നു തിരഞ്ഞെടുപ്പായി നേര്‍ക്കുനേര്‍ പോരാട്ടമാണ് മഞ്ചേശ്വരത്തും കാസര്‍കോട്ടും. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല. വി.വി. രമേശന്‍ നിന്നിട്ടും മഞ്ചേശ്വരത്ത് 2,500-ഓളം വോട്ട് ഇത്തവണയും കുറഞ്ഞു.

കാസര്‍കോട്ട് പക്ഷേ 6,708 വോട്ട് വര്‍ധിപ്പിക്കാന്‍ ഇടതിന് കഴിഞ്ഞു. 2016-ല്‍ മൂന്നാമതായ വട്ടിയൂര്‍ക്കാവില്‍ സി.പി.എം. 2019-ല്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചുകയറി. ഇത്തവണ അവര്‍ ഭൂരിപക്ഷം 20,000 കടത്തിയപ്പോള്‍ യു.ഡി.എഫ്. മൂന്നാമതായി തകര്‍ന്നു.

Content Highlights: LDF comes thrid in three constituencies