തിരുവനന്തപുരം :  കേരളത്തിലെ ഗുജറാത്തെന്ന് ബിജെപി അവകാശപ്പെട്ട നേമം മണ്ഡലം ബിജെപിക്ക് നഷ്ടമായി. സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ച മണ്ഡലം എല്‍ഡിഎഫ് തിരികെ പിടിച്ചു. നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. ശിവൻ കുട്ടി 5000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 

2016ല്‍ വി. ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിയാണ് ഒ. രാജഗോപാലിലൂടെ ബിജെപി നേമത്ത് അക്കൗണ്ട് തുറന്നത്. 8671 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു അന്ന് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ സംസ്ഥാനത്ത് ശക്തമായ ഇടത് അനുകൂല തരംഗത്തില്‍ പിടിച്ചു നിൽക്കാൻ ബിജെപിയുടെ കേരളത്തിലെ ഗുജറാത്തിനും സാധിച്ചില്ല. 

നേമത്തെ പരാജയം വിശദീകരിക്കേണ്ട ബാധ്യത ഇനി സംസ്ഥാന ബിജെപി നേതൃത്വത്തിന് ഉണ്ടാകും. വലിയതോതില്‍ വിഭവങ്ങളും സംഘടനാ ശേഷിയും ഉപയോഗിച്ചിട്ടും നേമത്ത് വിജയം ഉറപ്പാക്കാന്‍ സാധിക്കാതെ പോയത് ബിജെപിക്ക് ക്ഷീണമായി മാറും. 

ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് മണ്ഡലത്തില്‍ മേല്‍കൈയുണ്ടായിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചാണ് മണ്ഡലത്തില്‍ ശിവന്‍കുട്ടി വിജയത്തിലേക്ക് അടുക്കുന്നത്. അവസാന നിമിഷം വരെ വിജയമുറപ്പിക്കുന്ന തരത്തില്‍ മുന്നിട്ടുനില്‍ക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍. 

ഭൂരിപക്ഷം കുറഞ്ഞാലും വിജയം ബിജെപി ഉറപ്പിച്ചിരുന്നു. ഈ നിലയില്‍ നിന്നാണ് സംസ്ഥാനത്തെ ആദ്യ സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തുന്നത്.

content highlights: Kummanam Pushed to third place, LDF's Sivankutty wins in Nemom