കോഴിക്കോട്: മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ ആശങ്കയുണ്ടെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്ത് ബിജെപി-സിപിഎം നീക്കുപോക്ക് നടന്നതായും സുരേന്ദ്രനെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി വി.വി. രമേശന്‍ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ്. സിപിഎം-ബിജെപി പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിലുടനീളം നിര്‍ജീവമായിരുന്നു. മുറിവേറ്റ നരിയെപ്പോലെയാണ് സാധാരണയായി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവുക. എന്നാല്‍ ഇത്തവണ ഇതൊന്നുമില്ല. ഒരു വഴിപാട് പോലെയാണ് അവരെ തിരഞ്ഞെടുപ്പ് രംഗത്ത് കണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

സിപിഎം വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്ന് വലിയ സംശയമുണ്ട്. ഇതൊരു കരാറാണ്. ബിജെപി സംസ്ഥാന അധ്യക്ഷനെ നിയമസഭയില്‍ എത്തിച്ചാല്‍ ലാവലിന്‍ കേസും കേന്ദ്ര അന്വേഷണങ്ങളും അവസാനിക്കും. ലാവലിന്‍ കേസില്‍ ബിജെപി ഇടപെട്ടില്ലെങ്കില്‍ കേസ് മുഖ്യമന്ത്രിക്ക് എതിരാകാനുള്ള സാധ്യത ധാരാളമുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

Content Highlights: kpcc president mullappally ramachandran's allegations against cpm bjp about manjeshwaram election