കോട്ടയം: രണ്ടാം പിണറായി സര്‍ക്കാരില്‍ കോട്ടയം ജില്ലയില്‍ നിന്ന് സി.പി.എമ്മിന്റെ പ്രാതിനിധ്യമാണ് വി.എന്‍. വാസവന്‍. പാര്‍ട്ടിയുടെ ജില്ലയിലെ ജനകീയ മുഖം. മന്ത്രിസഭയില്‍ കന്നിക്കാരനായ അദ്ദേഹം ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്ന് 14,303 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 2006-11 ല്‍ കോട്ടയം എം.എല്‍.എയായിരുന്ന അദ്ദേഹം നിയമസഭയില്‍ എത്തുന്നത് ഇത് രണ്ടാം വട്ടമാണ്. 

സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയുമാണ് വി.എന്‍. വാസവന്‍. ആറുവര്‍ഷമായി സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു വി.എന്‍. വാസവന്‍. 1987-ലും 1991-ലും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയോട് ഏറ്റുമുട്ടിയെങ്കിലും തോറ്റു. 2006-ല്‍ കോട്ടയത്ത് മത്സരിച്ച് വിജയിച്ചു. 2011-ല്‍ കോട്ടയത്ത് രണ്ടാം അങ്കത്തിന് ഇറങ്ങിയെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ടു.  

1954-ല്‍ ജനിച്ച വാസവന്‍ ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ടീയ രംഗത്തെത്തിയത്. 1974-ല്‍ സി.പി.എം. അംഗമായി. 1991-ല്‍ ജില്ലാ കമ്മിറ്റിയിലും 97-ല്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തി. ഡി.വൈ.എഫ്ഐ. സംസ്ഥാന കമ്മിറ്റിയംഗം, സി.ഐ.ടി.യു. ജില്ലാപ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

റബ്കോ ചെയര്‍മാന്‍, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, കാലടി സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് വട്ടം പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Kottayam gets cabinet member through V N Vasavan